മഞ്ഞപ്പിത്തം വർധിക്കുന്നു; വേണം വലിയ ജാഗ്രത
text_fieldsകൊച്ചി: വേനൽ കനക്കുന്നതിനൊപ്പം ജില്ലയിൽ മഞ്ഞപ്പിത്ത കേസുകളും വർധിക്കുന്നു. വയറിളക്കരോഗങ്ങളും ഹെപറ്റൈറ്റിസ്-എയുമാണ് കഴിഞ്ഞ മാസങ്ങളിൽ കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വയറിളക്കം ഫെബ്രുവരി മാസത്തിൽ 2940 കേസുകളും മാർച്ചിൽ 1834 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഹെപറ്റൈറ്റിസ് എ രോഗബാധിതരിൽ ഫെബ്രുവരിയിൽ മൂന്ന് സ്ഥിരീകരിച്ച കേസുകളും 41 സംശയാസ്പദ കേസുകളും ഒരുമരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മാർച്ചിൽ 10 സ്ഥിരീകരിച്ച കേസുകളും 48 സംശയാസ്പദ ഹെപ്പറ്റൈറ്റിസ് എ കേസുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മാർച്ചിൽ മലയാറ്റൂർ, മട്ടാഞ്ചേരി, കിഴക്കമ്പലം, പായിപ്ര പ്രദേശങ്ങളിലാണ് കൂടുതൽ കേസുകൾ. ഫെബ്രുവരിയിൽ ടൈഫോയ്ഡ് ബാധിതരിൽ രണ്ട് സ്ഥിരീകരിച്ച കേസുകളും എട്ട് സംശയാസ്പദ കേസുകളും മാർച്ചിൽ രണ്ട് സ്ഥിരീകരിച്ച കേസുകളും ഒമ്പത് സംശയാസ്പദ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഫെബ്രുവരിയിൽ ഒരു ഷിഗല്ലോസിസും സ്ഥിരീകരിച്ചിട്ടുണ്ട്.
ജനങ്ങൾ അതിജാഗ്രത പാലിക്കേണ്ടതാണെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ. സക്കീന അറിയിച്ചു.
മഞ്ഞപ്പിത്തബാധ, (ഹെപ്പറ്റൈറ്റിസ്-എ) വയറിളറിക്ക രോഗങ്ങൾ എന്നിവ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ മലിനമായ കുടിവെള്ളത്തിന്റെ ഉപയോഗം, പച്ചവെള്ളം കുടിക്കുന്ന ശീലം, പുറമേനിന്നുള്ള ഭക്ഷണത്തിന്റെയും ശീതളപാനീയങ്ങളുടെയും ഉപയോഗം, ശീതളപാനീയങ്ങളിലും മറ്റും വ്യാവസായികാടിസ്ഥാനത്തിൽ നിർമിക്കുന്ന ഐസിന്റെ ഉപയോഗം, ശുചിത്വക്കുറവ് എന്നീ കാരണങ്ങളാണ് പ്രധാനമായും കണ്ടെത്തിയിട്ടുള്ളത്.
പ്രതിരോധ മാർഗങ്ങൾ
- തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനുപയോഗിക്കുക
- ആഹാരം പാകംചെയ്യുന്നതിനും വിളമ്പുന്നതിനും കഴിക്കുന്നതിനും മുമ്പും ശൗചാലയം ഉപയോഗിച്ചശേഷവും പുറത്തുപോയി വന്നശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകുക
- കിണറിന് ചുറ്റുമുള്ള പരിസരങ്ങളിൽ വൃത്തിഹീനമായ രീതിയിൽ വെള്ളം കെട്ടിക്കിടക്കാതെയും കിണറിലെ വെള്ളം മലിനമാകാതെയും സൂക്ഷിക്കുക. മഞ്ഞപ്പിത്ത ബാധയുള്ള പ്രദേശങ്ങളിൽ കുടിവെള്ള സ്രോതസ്സുകൾ സൂപ്പർ ക്ലോറിനേറ്റ് ചെയ്യുക.
- വൃത്തിഹീന സാഹചര്യത്തിൽ പാചകംചെയ്ത ആഹാരസാധനങ്ങളും ശീതളപാനീയങ്ങളും പഴകിയതും മലിനമായതുമായ ആഹാരവും കഴിക്കാതിരിക്കുക
- പഴവർഗങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകിയശേഷം മാത്രം ഉപയോഗിക്കുക
- ആഹാരസാധനങ്ങളും കുടിവെള്ളവും എപ്പോഴും അടച്ചുസൂക്ഷിക്കുക
- തുറസ്സായ സ്ഥലത്ത് മലമൂത്രവിസർജനം ചെയ്യാതിരിക്കുക
- കുഞ്ഞുങ്ങളുടെ വിസർജ്യങ്ങൾ ശൗചാലയത്തിലൂടെ മാത്രം നീക്കംചെയ്യുക
- വീട്ടുപരിസരത്ത് ചപ്പുചവറുകൾ കുന്നുകൂടാതെ ശ്രദ്ധിക്കുക. ഈച്ചശല്യം ഒഴിവാക്കുക.
- രോഗബാധയുള്ള പ്രദേശങ്ങളിൽ സ്കൂളുകളിലും കോളജുകളിലും ജോലിസ്ഥലങ്ങളിലും മറ്റും ഭക്ഷണവും കുടിവെള്ളവും പങ്കുവെച്ച് കഴിക്കുന്നത് ഒഴിവാക്കുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.