ബ്രിട്ടന് പിന്നാലെ പെട്രോൾ വാഹനങ്ങളുടെ വിൽപ്പന നിരോധിക്കാനൊരുങ്ങി ഈ ഏഷ്യൻ രാജ്യവും
text_fieldsലോകം അതിവേഗം ഇലക്ട്രിക് വാഹനങ്ങളുടെ യുഗത്തിലേക്ക് മുന്നേറുകയാണ്. പെട്രോൾ-ഡീസൽ വാഹനങ്ങൾ പുറത്തുവിടുന്ന മലിനീകരണമാണ് ഇത്തരമൊരു മാറ്റത്തിന് വിവിധ രാജ്യങ്ങളെ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ മാസമാണ് ബ്രിട്ടൻ 2030ഓടെ പരമ്പരാഗത ഇന്ധനമുപയോഗിച്ചുള്ള കാറുകളുടെ വിൽപ്പന നിരോധിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ ഇപ്പോൾ ജപ്പാനും 2030 പകുതിയോടെ പെട്രോൾ വാഹനങ്ങളുടെ വിൽപ്പന നിരോധിക്കാൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
2050ഓടെ കാർബൺ പുറംതള്ളുന്നത് പൂജ്യത്തിലെത്തിക്കുമെന്നും രണ്ടാഴ്ചക്കുള്ളിൽ പെട്രോൾ വാഹനങ്ങൾ നിർത്തലാക്കാനുള്ള സമയപരിധി നിശ്ചയിക്കുന്ന രണ്ടാമത്തെ ജി7 രാജ്യമായി മാറുമെന്നും ജപ്പാൻ പ്രധാനമന്ത്രി യോഷിഹിഡെ സുഗ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ജപ്പാൻ വ്യവസായ മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട വിശദ പദ്ധതി ഉടൻ തയാറാക്കും.
ടൊയോട്ട, ഹോണ്ട, നിസ്സാൻ, സുസുക്കി തുടങ്ങി നിരവധി ലോകോത്തര വാഹനങ്ങളുടെ ജന്മനാട് കൂടിയാണ് ജപ്പാൻ. പല കമ്പനികളും ഇലക്ട്രിക് വാഹനങ്ങളുടെ നിർമാണത്തിൽ അതിവേഗം മുന്നേറുകയാണ്. ബ്രിട്ടനിലടക്കം 2030ഓടെ നിരവധി ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കാനാവുമെന്ന് നിസ്സാനും അറിയിച്ചിട്ടുണ്ട്.
ജപ്പാൻ കൂടാതെ ചൈനയും ദക്ഷിണ കൊറിയയും കാർബൺ പുറന്തള്ളുന്നത് ഉടൻ അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രിട്ടന് പുറമെ അമേരിക്കയിലെയും കാനഡയിലെയും ചില ഭാഗങ്ങൾ, നോർവേ, ജർമ്മനി എന്നിവ പെട്രോൾ-ഡീസൽ കാറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ പദ്ധതിയിടുന്നുണ്ട്. യൂറോപ്യൻ യൂനിയനും സമാനമായ തീരുമാനം ഉടൻ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.