ജിസാറ്റ്–15 നാളെ വിക്ഷേപിക്കും
text_fieldsബംഗളൂരു: രാജ്യത്തിെൻറ അത്യാധുനിക വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്–15 ബുധനാഴ്ച വിക്ഷേപിക്കും. തെക്കേ അമേരിക്കയിലെ ഫ്രഞ്ച് ഗയാനയിൽനിന്ന് രാവിലെ 6.30ന് യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ഏരിയൻ അഞ്ച് റോക്കറ്റിലാണ് വിക്ഷേപണം. കാലാവധി കഴിഞ്ഞ ഉപഗ്രഹങ്ങളായ ഇൻസാറ്റ് മൂന്ന് എ, ഇൻസാറ്റ് നാല് ബി എന്നിവക്കു പകരമാണ് ജിസാറ്റ്–15 വിക്ഷേപിക്കുന്നത്. അറബ് ലീഗ് ഇൻറർ ഗവൺമെൻറൽ ഓർഗനൈസേഷെൻറ അറബ്സാറ്റ്–ആറ് ബിയും ഇതോടൊപ്പം വിക്ഷേപിക്കും.
3164 കിലോ ഭാരമുള്ള ഉപഗ്രഹത്തിൽ 24 കു ബാൻഡ് കമ്യൂണിക്കേഷൻ ട്രാൻസ്പോണ്ടറുകളാണുള്ളത്. വിമാനങ്ങൾക്ക് ഗ്ലോബൽ പൊസിഷനിങ് സേവനം നൽകുന്നതിനുള്ള ഗഗൻ പേലോഡും ഉപഗ്രഹത്തിലുണ്ട്. ഗഗൻ പേലോഡ് വഹിക്കുന്ന മൂന്നാമത്തെ ഉപഗ്രഹമാണ് ജിസാറ്റ്–15. ജിസാറ്റ്–എട്ടിൽ ഗഗെൻറ ആദ്യത്തെ പേലോഡും ജിസാറ്റ്–പത്തിൽ ഗഗെൻറ രണ്ടാമത്തെ പേലോഡും വിക്ഷേപിച്ചിരുന്നു.
രാജ്യത്തെ വ്യോമഗതാഗത സംവിധാനം കൂടുതൽ സുരക്ഷിതമാക്കുന്നതിനുവേണ്ടിയുള്ളതാണ് ഈ സംവിധാനം. ഭാരമുള്ള ഉപഗ്രഹങ്ങൾ വഹിക്കുന്നതിന് ജി.എസ്.എൽ.വി, പി.എസ്.എൽ.വി റോക്കറ്റുകൾക്കുള്ള പരിമിതികൾ കാരണമാണ് ഏരിയൻ റോക്കറ്റിൽ വിക്ഷേപിക്കുന്നത്. 860 കോടിയാണ് വിക്ഷേപണ ചെലവ്. ടെലിവിഷൻ രംഗത്തെ ഡി.ടി.എച്ച് സംവിധാനത്തിന് കൂടുതൽ ഗുണനിലവാരം നൽകാനും ടി.വി ന്യൂസ് ചാനലുകളുടെ ഡിജിറ്റൽ സാറ്റലൈറ്റ് ന്യൂസ് ഗാദറിങ് സംവിധാനത്തിനും വിക്ഷേപണം പ്രയോജനപ്പെടും. ഇൻറർനെറ്റ് ബ്രോഡ്ബാൻഡ് സേവനങ്ങൾ നൽകുന്ന വിസാറ്റ് ഓപറേറ്റർമാർക്കും സഹായകരമാകും. മിഡിൽ ഈസ്റ്റും ആഫ്രിക്കൻ മേഖലയും ലക്ഷ്യമിട്ടുള്ള വാർത്താവിനിമയ ഉപഗ്രഹമാണ് അറബ്സാറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.