ജാട്ട് പ്രക്ഷോഭം: സമരം തുടരുന്നു; കനാൽ നിയന്ത്രണം സൈന്യത്തിന്
text_fieldsന്യൂഡൽഹി: ഡല്‍ഹിയിലേക്ക് വെള്ളമെത്തിക്കുന്ന മുനക് കനാലിന്‍റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. ഹരിയാനയിലെ ജാട്ട് സംവരണ പ്രക്ഷോഭകർ കനാലിലിലൂടെയുള്ള ജലവിതരണം തടസപ്പെടുത്തിയിരുന്നു. ഇതു മൂലം തലസ്ഥാനത്ത് കടുത്ത കുടിവെളള ക്ഷാമമാണ് അനുഭവപ്പെടുന്നത്. യമുനാ നദിയിൽ നിന്നുള്ള വെള്ളം മുനക് കനാലിലൂടെ എത്തിച്ചാണ് ഡൽഹി നിവാസികൾക്ക് കുടിവെള്ളം നൽകുന്നത്.
അതേ സമയം, ഹരിയാനയിൽ പലയിടത്തും അക്രമം തുടരുകയാണ്. റോത്തക്കിൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്‍റെ കാർ സമരക്കാർ കത്തിച്ചതായി റിപ്പോർട്ടുണ്ട്. സംസ്ഥാനത്തെ പല റോഡുകളും പ്രക്ഷോഭകർ തടസ്സപ്പെടുത്തിയിരിക്കുകയാണ്.
സമരം മൂലം ഡൽഹിയിൽ നിന്നും തിരിച്ചുമുള്ള ഗതാഗത മാർഗങ്ങളെല്ലാം അടഞ്ഞിരിക്കുകയാണ്. ഇവിടെ നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നു. 3000 രൂപ മുതല്‍ 4000 രൂപ വരെ നല്‍കേണ്ട ടിക്കറ്റുകള്‍ക്ക് നല്‍കേണ്ടി വരുന്നത് 10,000ത്തിനും 20,000ത്തിനും ഇടയിലാണ്. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, ജറ്റ് എയര്‍വേസ്, സ്‌പൈസ് ജെറ്റ് എന്നീ എയര്‍ലൈന്‍ കമ്പനികള്‍ വ്യോമയാന മന്ത്രാലയത്തിന്‍റെ നിര്‍ദേശ പ്രകാരം കലാപബാധിത റൂട്ടുകളില്‍ അധിക സര്‍വീസ് നടത്തുന്നുണ്ട്.
സമരത്തെ തുടർന്ന് ജാട്ട് സമുദായത്തിന് ഒ.ബി.സി സംവരണം നൽകാമെന്ന് സർക്കാര്‍ ഉറപ്പുനൽകിയെങ്കിലും സമരം അവസാനിപ്പിക്കാൻ നേതാക്കൾ തയാറായിട്ടില്ല. രേഖാമൂലമുള്ള ഉറപ്പ് നൽകാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് പ്രക്ഷോഭകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.