ജാട്ട് പ്രക്ഷോഭം ഇന്നുമുതല്‍; ഹരിയാന സുരക്ഷാ വലയത്തില്‍
text_fieldsചണ്ഡിഗഢ്: ഞായറാഴ്ച തുടങ്ങുന്ന ജാട്ട് പ്രക്ഷോഭം നേരിടാന്‍ ഹരിയാനയിലുടനീളം വന്‍ സുരക്ഷാസന്നാഹം. 48 കമ്പനി അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ച് സുരക്ഷ ശക്തിപ്പെടുത്തി. എല്ലാ പൊലീസുകാരുടെയും അവധി റദ്ദാക്കി. ക്രമസമാധാനപ്രശ്നങ്ങളുള്ള ഏഴ് ജില്ലകളില്‍ നിരോധാജ്ഞ പുറപ്പെടുവിച്ചു. സോഷ്യല്‍ മീഡിയയിലൂടെയും മറ്റും കിംവദന്തി പ്രചരിപ്പിക്കുന്നത് തടയാന്‍ പ്രത്യേക ജാഗ്രത പുലര്‍ത്തുമെന്ന് അധികൃതര്‍ പറഞ്ഞു. സെക്രട്ടേറിയറ്റില്‍ പ്രത്യേക കലാപനിയന്ത്രണ സംവിധാനമൊരുക്കി.
അഖിലേന്ത്യാ ജാട്ട് ആരാക്ഷന്‍ സംഘര്‍ഷ് സമിതിയാണ് രണ്ടാംഘട്ട പ്രക്ഷോഭത്തിന് ആഹ്വാനംചെയ്തത്. ജാട്ട് സമുദായത്തിന് പ്രത്യേക സംവരണം ഏര്‍പ്പെടുത്തണമെന്നതാണ് പ്രധാന ആവശ്യം. കൂടാതെ, ഫെബ്രുവരിയില്‍ ആദ്യഘട്ട പ്രക്ഷോഭത്തിനിടെ നേതാക്കള്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു.
ആദ്യഘട്ട പ്രക്ഷോഭത്തെതുടര്‍ന്ന് ജാട്ട് അടക്കം അഞ്ച് സമുദായങ്ങള്‍ക്ക് വിദ്യാഭ്യാസത്തിലും തൊഴിലിലും സംവരണം നല്‍കാന്‍ ഹരിയാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പിന്നാക്കവിഭാഗത്തില്‍ പ്രത്യേകമായി ‘സി’ കാറ്റഗറിയുണ്ടാക്കി ജാട്ട് സിഖ്, ത്യാഗി, റോര്‍, ബിഷ്നോയ്സ്, മുസ്ലിം ജാട്ട് സമുദായങ്ങളെ ഇതില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍, സംവരണ ബില്‍ പഞ്ചാബ്-ഹരിയാന ഹൈകോടതി സ്റ്റേ ചെയ്തു. സ്റ്റേ നീക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയില്ളെന്നാണ് സമുദായ നേതാക്കളുടെ പരാതി.
സമരം സമാധാനപരമായിരിക്കുമെന്ന് സമുദായ നേതാക്കള്‍ ഉറപ്പുനല്‍കിയിട്ടുണ്ടെങ്കിലും, ആദ്യഘട്ട പ്രക്ഷോഭത്തിനിടെയുണ്ടായ വ്യാപക അക്രമം മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ വന്‍ സുരക്ഷാസന്നാഹം ഏര്‍പ്പെടുത്തിയത്. ഫെബ്രുവരിയില്‍ 30 പേര്‍ മരിക്കുകയും കോടികളുടെ സ്വത്തുവകകള്‍ നശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. ദേശീയ ഹൈവേകളും റെയില്‍പാതകളും തടഞ്ഞതിനെതുടര്‍ന്ന് സംസ്ഥാനം ഒറ്റപ്പെടുന്ന അവസ്ഥയുമുണ്ടായി. ഫെബ്രുവരിയിലെ പ്രക്ഷോഭം നേരിടുന്നതില്‍ സര്‍ക്കാര്‍ സംവിധാനം പരാജയപ്പെട്ടതായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രകാശ് സിങ് കമ്മിറ്റി കുറ്റപ്പെടുത്തിയിരുന്നു. പ്രക്ഷോഭത്തിന് ഗ്രാമപഞ്ചായത്തുകളില്‍ വന്‍ ഒരുക്കമാണ് നടന്നത്. ഗ്രാമകേന്ദ്രങ്ങളിലും നഗരങ്ങളിലും ധര്‍ണ നടത്താനാണ് പരിപാടി. പ്രക്ഷോഭം ഏകോപിപ്പിക്കാന്‍ ജില്ലാ കേന്ദ്രങ്ങളില്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രക്ഷോഭം സമാധാനപരമായിരിക്കുമെന്ന് ജാട്ട് നേതാക്കള്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.