വരള്‍ച്ച ദുരിതാശ്വാസം: പുര കത്തുമ്പോള്‍ കിണറു കുത്തരുതെന്ന് കേന്ദ്രത്തോട് കോടതി
text_fieldsന്യൂഡല്‍ഹി: വരള്‍ച്ച നേരിടാന്‍ സമയബന്ധിതമായി പ്രവര്‍ത്തിക്കണമെന്നും പുര കത്തുമ്പോള്‍ കിണറു കുത്തരുതെന്നും കേന്ദ്ര സര്‍ക്കാറിനോട് സുപ്രീംകോടതി. ഭാവിക്കുവേണ്ടി തയാറായിരിക്കണമെന്നും മുന്‍കാല തെറ്റുകള്‍ ആവര്‍ത്തിക്കരുതെന്നും പറഞ്ഞ കോടതി, സര്‍ക്കാര്‍ സമീപനത്തില്‍ ആശങ്കയുണ്ടെന്ന് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ വീഴ്ച ആവര്‍ത്തിക്കരുതെന്നും പുര കത്തുമ്പോള്‍ കിണറു കുത്തരുതെന്നും ജസ്റ്റിസുമാരായ എം.ബി. ലോകുര്‍, എന്‍.വി. രമണ എന്നിവരടങ്ങിയ ബെഞ്ച് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം വരള്‍ച്ചബാധിച്ച 12 സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ഈ സംസ്ഥാനങ്ങളില്‍ ഇത്തവണയും മഴ കുറവാണെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. ഇവിടങ്ങളില്‍ വരള്‍ച്ച നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച മുന്‍കരുതലുകള്‍ സുപ്രീംകോടതി ആരാഞ്ഞു. നടപടി സ്വീകരിച്ചുവരുന്നുണ്ടെന്ന് സര്‍ക്കാറിന് വേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പി.എസ്. നരസിംഹ ബോധിപ്പിച്ചു. വരള്‍ച്ച നേരിടാന്‍ വിദഗ്ധരും ഉന്നത സമിതികളും നിര്‍ദേശിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ചുവരികയാണ്. വരള്‍ച്ച നേരിടാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും നരസിംഹ കോടതിയില്‍ പറഞ്ഞു.
ഇതിനിടെ, ഭക്ഷ്യസുരക്ഷാ നിയമപ്രകാരം, ജില്ലാ പരാതി പരിഹാര ഓഫിസറുടെ നിയമനവുമായി ബന്ധപ്പെട്ട് പ്രതികരണം അറിയിക്കാതിരുന്ന മഹാരാഷ്ട്ര സര്‍ക്കാറിനെ കോടതി വിമര്‍ശിച്ചു. ജനങ്ങള്‍ പോഷകാഹാരക്കുറവുമൂലം മരിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ ഗൗനിക്കുന്നില്ളെന്ന് ബെഞ്ച് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.