മഹിള മോർച്ച പ്രവർത്തകരുടെ ഉന്തും തള്ളുമേറ്റ് കെജരിവാൾ; സുരക്ഷാവീഴ്ചയെന്ന് എ.എ.പി
text_fieldsന്യൂഡൽഹി: മഹിളാ മോർച്ച പ്രവർത്തകരുടെ ഉന്തിലും തള്ളിലും പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന പര്യടനത്തിന് പഞ്ചാബിലേക്ക് പുറപ്പെടാനായി ഇന്ന് രാവിലെ ഡൽഹി റെയിൽവെ സ്റ്റേഷനിലെത്തിയപ്പോഴാണ് വനിതകളുടെ രോഷപ്രകടനത്തിന് ഡൽഹി മുഖ്യമന്ത്രി ഇരായായത്.
ആംആദ്മി പാർട്ടി നേതാക്കൾ ഉൾപ്പെട്ട ആരോപണങ്ങൾക്കെതിരയായിരുന്നു മഹിളാ മോർച്ച പ്രവർത്തകരുടെ പ്രതിഷേധം. ഡൽഹിയിൽ നിന്ന് ലുധിയാനയിലേക്കുള്ള ട്രെയിനിൽ കയറാനെത്തിയ കെജരിവാളിന് നേരെ ബി.ജെ.പി പ്രവർത്തകർ രോഷത്തോടെ മുദ്രാവാക്യങ്ങൾ മുഴക്കി. 2017ൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള മുന്നൊരക്കങ്ങൾക്ക് വേണ്ടിയാണ് കെജരിവാൾ പഞ്ചാബിലേക്ക് പോകുന്നത്.
സംഭവത്തിൽ ഡൽഹി പൊലീസിന്‍റെ ഭാഗത്ത്് നിന്ന് ഗുരുതരമായ സുരക്ഷാവീഴ്ചയാണ് ഉണ്ടായതെന്ന് എ.എ.പി ആരോപിച്ചു. മുഖ്യമന്ത്രിയുടെ യാത്രാവിവരങ്ങൾ ചോർത്തിനൽകിക്കൊണ്ട് പൊലീസ് ഗുരുതരമായ വീഴ്ചയാണ് വരുത്തിയിരിക്കുന്നത്.
ട്രെയിനിലേക്ക് കയറുന്ന കെജരിവാളിന് ചുറ്റും പ്രതിഷേധക്കാർ മുദ്രാവാക്യം മുഴക്കുന്നതും പ്രതിഷേധക്കാരെ പൊലീസ് പിടിച്ചുമാറ്റുന്നതുമായ രംഗങ്ങളാണ് സി.സി.ടി.വി ദൃശ്യങ്ങളിൽ ഉള്ളത്. പ്രതിഷേധക്കാരായ ജനക്കൂട്ടത്തിന്‍റെ സാന്നിധ്യം ഇക്കാര്യത്തിൽ ഗൂഢാലോചന നടന്നുവെന്നതിന്‍റെ തെളിവാണെന്ന് ഡെപ്യൂട്ടി മുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ യാത്രാവിവരങ്ങൽ എങ്ങനെ പൊതുജനത്തിന് ലഭിച്ചു? പൊലീസിന്‍റെ കൺമുമ്പിൽ വെച്ചാണ് മുഖ്യമന്ത്രി അങ്ങോട്ടുമിങ്ങോട്ടും തള്ളിയിട്ടത്. പൊലീസ് വെറും കാഴ്ചക്കാരായ നോക്കിനിൽക്കുകയായിരുന്നു. സംഭവം ആസൂത്രിതമായിരുന്നുവെന്ന് ടി.വി കാമറ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്നും സിസോദിയ ട്വീറ്റ് ചെയ്തു.
അതേസമയം, പഞ്ചാബിൽ മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാൻ തങ്ങൾക്ക് സാധിക്കില്ലെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കിയതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. കാറിലോ ട്രെയിനിലോ യാത്ര ചെയ്യുമ്പോൾ തൊട്ടടുത്ത ലക്ഷ്യസ്ഥാനം വരെ എത്തിക്കാനുള്ള ഉത്തരവാദിത്തം മാത്രമേ ഡൽഹി പൊലീസിനുള്ളൂ എന്നും വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.