നരോദ പാട്യ കൂട്ടക്കൊല: മൂന്നു പ്രതികൾക്ക് 10 വർഷം കഠിന തടവ്
text_fieldsഅഹ്മദാബാദ്: അഹ്മദാബാദ്: 2002ലെ ഗുജറാത്ത് വംശഹത്യയിൽ 100ഒാളം പേർ കൊല്ലപ്പെട്ട നരോദ പാട്യ കൂട്ടക്കൊല കേസിൽ മൂന്ന് പ്രതികൾക്ക് 10 വർഷം വീതം കഠിന തടവ്. ഗുജറാത്ത് ഹൈകോടതിയുടേതാണ് വിധി. ചെയ്ത ക്രൂരതക്ക് തുല്യമായ ശിക്ഷ പ്രതികൾ അർഹിക്കുന്നതായി കോടതി അഭിപ്രായപ്പെട്ടു. 16 പേരുള്ള കേസിൽ മൂന്നു പേർ കുറ്റവാളികളാണെന്ന് ഏപ്രിൽ 20ന് കോടതി വിധിച്ചിരുന്നു. പി.ജെ. രജ്പുത്, രാജ്കുമാർ ചൗമൽ, ഉമേഷ് ഭാർവഡ് എന്നിവർക്കാണ് ജസ്റ്റിസുമാരായ ഹർഷ ദേവാനി, എ.എസ്. സുപേഹിയ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ശിക്ഷ വിധിച്ചത്. കേസിൽ തങ്ങളുെട വാദം വിശദമായി കേൾക്കണമെന്ന് ഏപ്രിൽ 20െൻറ വിധിയെ തുടർന്ന് പ്രതികൾ ആവശ്യപ്പെട്ടിരുന്നു.
തിങ്കളാഴ്ച വിധി പ്രസ്താവിച്ച കോടതി, പ്രതികൾക്ക് പൊലീസ് മുമ്പാകെ കീഴടങ്ങാൻ ആറാഴ്ച സമയം അനുവദിച്ചിട്ടുണ്ട്. പ്രതികൾ ചെയ്ത കുറ്റം വ്യക്തികൾക്കെതിരെയല്ല; സമൂഹത്തിനെതിരാണെന്ന് കോടതി വിലയിരുത്തി. ഇത് സമൂഹത്തിൽ ചേരിതിരിവുണ്ടാകുന്നതിന് കാരണമായി. സംഭവത്തിൽ ഇരകളുടെ വേദനയും ദുരിതവും അവഗണിക്കാനാകില്ല. കുറഞ്ഞ ശിക്ഷ നൽകുന്നത് നീതിയിൽ വെള്ളം ചേർക്കലാകും. അതിനാലാണ് 10 വർഷത്തെ കഠിനതടവ് വിധിക്കുന്നത്. ഇത്തരം കുറ്റങ്ങളോട് അയഞ്ഞ സമീപനം സ്വീകരിക്കുന്നത് തിരിച്ചടിയാകും. അത് സമൂഹ താൽപര്യങ്ങൾക്ക് എതിരുമാണ്- കോടതി വ്യക്തമാക്കി.
ശിക്ഷയിൽ ഇളവ് അനുവദിക്കണമെന്ന് പ്രതികൾ നേരത്തേ അപേക്ഷിച്ചിരുന്നു. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രത്യേക അന്വേഷണ സംഘവും സംസ്ഥാന സർക്കാറും ആവശ്യപ്പെട്ടു.പ്രത്യേക കോടതി മൂന്ന് പ്രതികളെയും നേരത്തേ വെറുതെ വിട്ടതാണ്. ഇൗ കേസിലെ അപ്പീൽ പരിഗണിക്കുേമ്പാഴാണ് ഹൈകോടതി ഏപ്രിലിൽ 29 പേരെ കുറ്റമുക്തരാക്കിയത് ശരിവെക്കുകയും മറ്റുള്ളവർ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തത്.
ഏപ്രിൽ 20െൻറ വിധിയിലെ അപ്പീലിൽ ഹൈകോടതി 16 പേർ കുറ്റക്കാരാണെന്ന് കണ്ടെത്തി. ഇതിൽ അന്നത്തെ ബജ്റംഗ് ദൾ നേതാവ് ബാബു ബജ്റംഗിയും ഉൾപ്പെടും. 18 പേരെ െവറുതെ വിട്ടു. ഇതിൽ മുൻ മന്ത്രി മായകൊട്നാനിയുമുണ്ടായിരുന്നു. ഇന്നലെ ശിക്ഷ വിധിച്ച മൂന്നു പേർ ഒഴികെ 12 പേർക്ക് 21വർഷം കഠിന തടവാണ് കോടതി വിധിച്ചിരുന്നത്. ഒരാൾക്ക് 10 വർഷം തടവും വിധിച്ചു. മറ്റ് മൂന്നു പേരുടെ ശിക്ഷാകാലയളവിെൻറ ഉത്തരവ് കോടതി മാറ്റിവെച്ചതായിരുന്നു. അതാണ് തിങ്കളാഴ്ച പ്രഖ്യാപിച്ചത്.
2002 ഫെബ്രുവരി 28നാണ് അഹ്മദാബാദിലെ നരോദ പാട്യ മേഖലയിൽ നടന്ന വംശഹത്യയിൽ ആൾക്കൂട്ടം 97 പേരെ കൊല്ലുന്നത്. ഗോധ്രയിൽ സബർമതി എക്സ്പ്രസിന് തീയിട്ട സംഭവത്തിന് തൊട്ടടുത്ത ദിവസമായിരുന്നു ഇത്.കേസിൽ ആദ്യമുണ്ടായിരുന്ന 61 പ്രതികളിൽ 29 പേരെ 2012 ആഗസ്റ്റിൽ പ്രത്യേക കോടതി കുറ്റമുക്തരാക്കിയിരുന്നു. 32 പേർ കുറ്റക്കാരാണെന്നും കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.