മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ ഭർത്താവ് തോറ്റു; വോട്ടിങ് മെഷീനിൽ സംശയം പ്രകടിപ്പിച്ച് ബോളിവുഡ് നടി
text_fieldsമുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ എൻ.സി.പി ശരദ് പവാർ വിഭാഗം സ്ഥാനാർഥി ഫഹദ് അഹ്മദ് അണുശക്തിനഗറിൽ പരാജയപ്പെട്ടതിനു പിന്നാലെ വോട്ടിങ് മെഷീനെ കുറ്റപ്പെടുത്തി ബോളിവുഡ് നടി സ്വര ഭാസ്കർ.
വാശിയേറിയ മത്സരത്തിനൊടുവിൽ അജിത് പവാർ വിഭാഗം സ്ഥാനാർഥി മുൻമന്ത്രി നവാബ് മാലിക്കിന്റെ മകൾ സന മാലിക്കാണ് മണ്ഡലത്തിൽ ജയിച്ചത്. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് സമാജ്‌വാദി പാർട്ടി യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റായിരുന്നു ഫഹദ് എൻ.സി.പിയിലെത്തുന്നത്. ആദ്യ റൗണ്ടുകളിൽ കൃത്യമായി ലീഡുണ്ടായിരുന്ന ഫഹദ് ഒടുവിൽ പിന്നാക്കം പോയതിൽ കൃത്രിമം നടന്നെന്ന സംശയമാണ് സ്വര ഉന്നയിക്കുന്നത്.
നേരത്തെ, ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവുത്തും തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്ന ആരോപണവുമായി രംഗത്തുവന്നിരുന്നു. തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേതൃത്വത്തിലുള്ള മഹായുതി സഖ്യം രാഷ്ട്രീയ നിരീക്ഷകരെയും പോലും അമ്പരപ്പിക്കുന്ന വിജയമാണ് നേടിയത്. 232 സീറ്റുകളിൾ മഹായുതി സഖ്യം വിജയിക്കുകയോ മുന്നേറുകയോ ചെയ്യുന്നുണ്ട്. കോൺഗ്രസ്, എൻ.സി.പി ശരദ് പവാർ, ശിവസേന ഉദ്ധവ് പാർട്ടികളുടെ സഖ്യമായ മഹാവികാസ് അഘാഡി 51 സീറ്റുകളിലേക്ക് ചുരുങ്ങി. മാന്ത്രിക സംഖ്യയായ 145ഉം കടന്ന് വലിയ ഭൂരിപക്ഷം നേടിയാണ് മഹായുതി സഖ്യം അധികാര തുടർച്ച നേടുന്നത്.
‘അണുശക്തി നിയമസഭാ മണ്ഡലത്തിൽ എൻ.സി.പി ശരദ് വിഭാഗത്തിന്‍റെ ഫഹദ് അഹ്മദ് വ്യക്തമായ ലീഡ് നിലനിർത്തിയിട്ടും 17, 18, 19 റൗണ്ടിനു പിന്നാലെ 99 ശതമാനം ചാർജുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഓപ്പണാകുകയും ബി.ജെ.പി പിന്തുണയുള്ള എൻ.സി.പി അജിത് വിഭാഗം സ്ഥാനാർഥി ലീഡ് നേടുകയും ചെയ്തു. ഒരു ദിവസം മുഴുവൻ വോട്ട് രേഖപ്പെടുത്തിയ മെഷീനീൽ എങ്ങനെയാണ് 99 ശതമാനം ചാർജുണ്ടാകുക? 99 ശതമാനം ചാർജുള്ള വോട്ടിങ് മെഷിനീലെ വോട്ടുകളെല്ലാം ബി.ജെ.പിക്കും സഖ്യത്തിനും ലഭിക്കുന്നത് എന്തുകൊണ്ടാണ്?’ -സ്വര ഭാസ്കർ എക്സിൽ കുറിച്ചു.
വിദ്യാർഥി പ്രസ്ഥാനത്തിൽ സജീവമായിരുന്ന ഫഹദ് അഹമ്മദ് 2022ലാണ് സമാജ്‌വാദി പാർട്ടിയിൽ ചേർന്നത്. പിന്നാക്കസമുദായങ്ങളിലെ വിദ്യാർഥികൾക്ക് ഫീസിളവ് ആവശ്യപ്പെട്ട് നടന്ന പ്രക്ഷോഭത്തിലും പൗരത്വ (ഭേദഗതി) നിയമത്തിനെതിരേയുള്ള പ്രതിഷേധത്തിലും ഫഹദ് പങ്കെടുത്തിരുന്നു. അവിടെ നിന്നാണ് സ്വര ഭാസ്‌കറുമായി പരിചയപ്പെടുന്നതും ഇരുവരും പ്രണയത്തിലാകുന്നതും. കഴിഞ്ഞവർഷമായിരുന്നു ഇരുവരുടെയും വിവാഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.