ബി.ജെ.പിയെ വിമർശിച്ചു; പാർട്ടിയിലെ ഏക മുസ്ലിം നേതാവിനെ എ.ഐ.എ.ഡി.എം.കെ പുറത്താക്കി
text_fieldsചെന്നൈ: സഖ്യകക്ഷിയായ ബി.ജെ.പിയെ വിമർശിച്ചതിനു പിന്നാലെ പാർട്ടിയിലെ ഏക മുസ്ലിം നേതാവിനെ പുറത്താക്കി എ.ഐ.എ.ഡി.എം.കെ. രാമനാഥപുരത്തുനിന്നുള്ള മുതിർന്ന നേതാവും ന്യൂനപക്ഷ മുഖവുമായ എ. അൻവർ രാജയെയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് ചൊവ്വാഴ്ച രാത്രി പുറത്താക്കിയത്.
എം.ജി. രാമചന്ദ്രന്‍റെ നേതൃത്വത്തിൽ എ.ഐ.എ.ഡി.എം.കെ രൂപവത്കരിച്ചതു മുതൽ അദ്ദേഹം പാർട്ടിയുടെ സന്തത സഹചാരിയായിരുന്നു.
പാർട്ടി വിരുദ്ധപ്രവർത്തനങ്ങളുടെ ഭാഗമായി അൻവറിനെ എ.ഐ.എ.ഡി.എം.കെയിൽനിന്ന് പുറത്താക്കിയതായി കോഓർഡിനേറ്റർ ഒ. പന്നീർശെൽവവും ജോയിൻറ് കോഓർഡിനേറ്റർ എടപ്പാടി പളനിസ്വാമിയും പത്രക്കുറിപ്പിൽ അറിയിച്ചു. 1960ൽ ഡി.എം.കെയിൽ ചേർന്ന അൻവർ, എ.ഐ.എ.ഡി.എം.കെ രൂപവത്കരിച്ചപ്പോൾ അതിലേക്ക് പോകുകയായിരുന്നു. ബി.ജെ.പിയുമായുള്ള സഖ്യത്തെ ചൊല്ലി പന്നീർശെൽവവും പളനിസ്വാമിയും തമ്മിലുള്ള അഭിപ്രായ ഭിന്നതയും അൻവറിനെ പുറത്താക്കുന്നതിന് കാരണമായി.
പാർട്ടിയിൽ പന്നീർശെൽവത്തിന്‍റെ കൂടെയായിരുന്ന അദ്ദേഹം. അൻവർ രാജയെ നീക്കം ചെയ്തതോടെ മുസ്ലിംകളില്ലാത്ത പാർട്ടിയായി മാറിയെന്ന് മുതിർന്ന എ.ഐ.എ.ഡി.എം.കെ നേതാക്കൾ നിരാശ പ്രകടിപ്പിച്ചു. നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ തോൽവിക്കു കാരണം ബി.ജെ.പിയുമായുള്ള കൂട്ടുകെട്ടാണെന്ന് അൻവർ കുറ്റപ്പെടുത്തിയിരുന്നു. കൂടാതെ, ജില്ല നേതാക്കളുടെ യോഗത്തിൽ പളനിസ്വാമിയുടെ നിലപാടുകളുടെ വിമർശിക്കുകയും ചെയ്തു.
കഴിഞ്ഞ മേയിൽ പാർട്ടിയിലെ രണ്ടാമത്തെ മുസ്ലിം മുഖമായ നീലോഫർ ഖഫീലിനെതിരെ നടപടിയെടുത്തിരുന്നു. മാർച്ചിൽ മറ്റൊരു മുസ്ലിം നേതാവായ മുഹമ്മദ് ജാൻ മരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.