വീണ്ടും ബാങ്കുതട്ടിപ്പ്; 411 കോടി വായ്പയെടുത്ത് പ്രതികൾ രാജ്യം വിട്ടു
text_fieldsന്യൂഡൽഹി: ദേശസാത്കൃത ബാങ്കുകളിൽ വൻതുകയുടെ വായ്പ തട്ടിപ്പുനടത്തി പ്രതികൾ രാജ്യം വിട്ടു. എസ്.ബി.ഐയുടെ നേതൃത്വത്തിലുള്ള കൺസോർട്യത്തിൽനിന്ന് 411 കോടി രൂപ വായ്പയെടുത്ത രാംദേവ് ഇൻറർനാഷനൽ കമ്പനി ഉടമകളായ നരേഷ് കുമാർ, സുരേഷ് കുമാർ, സംഗീത എന്നിവരാണ് മുങ്ങിയത്. എസ്.ബി.ഐ നൽകിയ പരാതിയിൽ ഇവർക്കെതിരെ സി.ബി.ഐ കേസെടുത്തു.
പശ്ചിമേഷ്യ, യൂറോപ് എന്നിവിടങ്ങളിലേക്ക് ബസ്മതി അരി കയറ്റുമതി ചെയ്തിരുന്ന കമ്പനിക്കു കീഴിൽ ഹരിയാനയിലെ കർണാലിൽ മൂന്ന് അരിമില്ലുകളും എട്ട് അനുബന്ധ സ്ഥാപനങ്ങളും പ്രവർത്തിച്ചിരുന്നു. സൗദി അറേബ്യ, ദുബൈ എന്നിവിടങ്ങളിൽ കമ്പനി ഓഫിസുകളും പ്രവർത്തിച്ചു. എസ്.ബി.ഐയിൽനിന്നു മാത്രം 173 കോടിയാണ് രാംദേവ് ഇൻറർനാഷനൽ തട്ടിയത്. കനറ ബാങ്ക്- 76.09 കോടി, യൂനിയൻ ബാങ്ക്- 64.31 കോടി, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ- 51.31 കോടി, കോർപറേഷൻ ബാങ്ക്- 36.91 കോടി, ഐ.ഡി.ബി.ഐ 12.27 കോടി എന്നിങ്ങനെയാണ് മറ്റു ബാങ്കുകളിൽനിന്നെടുത്ത വായ്പത്തുക.
2016 ജനുവരിയോടെ വായ്പ കിട്ടാക്കടമായി മാറിയെന്ന് പരാതിയിൽ പറയുന്നു. അതേ വർഷം ആഗസ്റ്റ്, ഒക്ടോബർ മാസങ്ങളിൽ ബാങ്കുകൾ ചേർന്ന് സ്ഥാപനങ്ങളിൽ പരിശോധനക്ക് ശ്രമം നടത്തിയെങ്കിലും ഹരിയാന പൊലീസ് സുരക്ഷയൊരുക്കിയതിനാൽ നടന്നില്ല. തുടർന്നുള്ള അന്വേഷണത്തിലാണ് നാടുവിട്ടതായി തെളിഞ്ഞത്. നാലു വർഷത്തിനുശേഷം കഴിഞ്ഞ ഫെബ്രുവരി 25നാണ് എസ്.ബി.ഐ പരാതി നൽകുന്നത്. അന്വേഷണത്തിൽ പ്രതികൾ നാടുവിട്ടതായി സ്ഥിരീകരിക്കുകയായിരുന്നു.
ചുരുങ്ങിയത് ഒരു വർഷം മുമ്പുതന്നെ പ്രതികൾ നാടുവിട്ടതായി റിപ്പോർട്ട് ലഭിച്ചിട്ടും പരാതി നൽകാൻ വൈകിയത് എന്തുകൊണ്ടാണെന്ന സംശയം അവശേഷിക്കുകയാണ്. എന്നാൽ, പരാതി നൽകുന്നതിൽ കാലതാമസമുണ്ടായില്ലെന്ന് എസ്.ബി.ഐ അറിയിച്ചു. സ്വത്തുക്കളിലേറെയും വിൽപന നടത്തിയാണ് പ്രതികൾ മുങ്ങിയതെന്നും വ്യക്തമായിട്ടുണ്ട്. ലോക്ഡൗൺ നിലനിൽക്കുന്നതിനാൽ കേസിൽ തിരച്ചിൽ ആരംഭിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.