സോണിയയുമായി സമവായം; വിമതർ വേണുഗോപാലിനെതിരെ
text_fieldsന്യൂഡൽഹി: ഗുലാം നബി ആസാദ് നടത്തിയ കൂടിക്കാഴ്ചയോടെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി സമവായത്തിലെത്തിയ കോൺഗ്രസ് വിമതർ ആക്രമണത്തിന്റെ മുന എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ തിരിച്ചു. ഇടക്കാല പ്രസിഡന്റായി സോണിയ ഗാന്ധി തുടരുമെന്നും തങ്ങളുടെ ഭാഗത്തുനിന്നുള്ള നിർദേശങ്ങൾ അവരോട് പങ്കുവെച്ചുവെന്നും കൂടിക്കാഴ്ചക്ക് ശേഷം ഗുലാം നബി പറഞ്ഞു.
വിമതരുടെ ആവശ്യം ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ വ്യാഴാഴ്ച രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ അറിയിച്ചിരുന്നു. വേണുഗോപാലിന് പകരം വടക്കേ ഇന്ത്യയുടെ രാഷ്ട്രീയം മനസ്സിലാക്കുന്ന ഹിന്ദി ഭാഷ അനായാസം കൈകാര്യം ചെയ്യാൻ അറിയുന്ന ഒരാളെയാണ് സംഘടനാ ചുമതലയുള്ള സെക്രട്ടറി പദവിയിൽ വെക്കേണ്ടത് എന്ന വിമതരുടെ ആവശ്യമാണ് ഹൂഡ രാഹുലിനെ ധരിപ്പിച്ചത്. തീരുമാനം കൂട്ടായി എടുക്കണമെന്നും എല്ലാവരെയും പരിഗണിക്കണമെന്നുമാണ് തങ്ങളുടെ വികാരമെന്നും അദ്ദേഹം അറിയിച്ചു. തന്റെ എതിർചേരിയിലുള്ള ദലിത് നേതാവ് കുമാരി ഷെൽജയെ ഹരിയാന കോൺഗ്രസ് നേതൃത്വത്തിൽനിന്ന് മാറ്റി പകരം രാഹുലുമായി അടുത്ത ബന്ധമുള്ള സ്വന്തം മകനെ നിയമിക്കണമെന്ന സ്വന്തം ആവശ്യവും ഹൂഡ ഉന്നയിച്ചു. ഹൂഡ-രാഹുൽ കൂടിക്കാഴ്ചക്ക് ശേഷമാണ് സോണിയ ഗുലാംനബിക്ക് സമയം അനുവദിച്ചത്. ഇത് രാഹുൽ മുൻകൈ എടുത്തായിരുന്നു. സോണിയയുമായുള്ള കൂടിക്കാഴ്ചക്ക് മുന്നോടിയായി വെള്ളിയാഴ്ച രാവിലെ ഹൂഡ ഗുലാംനബിയുടെ വസതിയിലെത്തി. ആനന്ദ് ശർമയും കൂടെയുണ്ടായിരുന്നു. വിമതർ മൂന്നാം വട്ടവും ചേർന്നതിന് ശേഷമാണ് സോണിയ ഗാന്ധിയെ കണ്ടത്.
കോൺഗ്രസ് അധ്യക്ഷയുമായുള്ള കൂടിക്കാഴ്ച വളരെ നന്നായിരുന്നുവെന്ന് 10 ജൻപഥിൽ നിന്നിറങ്ങിയ ഗുലാം നബി പറഞ്ഞു. നേതൃമാറ്റത്തെ കുറിച്ച് ചോദ്യമുയരുന്നില്ലെന്നും വരുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും ഗുലാം നബി വ്യക്തമാക്കി. മാധ്യമങ്ങൾക്ക് വാർത്തയായിരിക്കാം. എന്നാൽ, ഇതൊരു പതിവ് കൂടിക്കാഴ്ച മാത്രമാണ്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് ഒറ്റക്കെട്ടായി എങ്ങനെ മുന്നോട്ടുപോകാമെന്നത് സംബന്ധിച്ചായിരുന്നു ചർച്ച.
അഞ്ച് സംസ്ഥാനങ്ങളിൽ പാർട്ടിക്കേറ്റ പരാജയകാരണങ്ങളെ കുറിച്ച് പ്രവർത്തക സമിതി അഭിപ്രായങ്ങൾ തേടിയിട്ടുണ്ട്. നേതൃത്വത്തെ കുറിച്ചുള്ള ചോദ്യമുൽഭവിക്കുന്നില്ലെന്നും പ്രവർത്തക സമിതിയിൽ ആരും പ്രസിഡന്റ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും ഗുലാം നബി പറഞ്ഞു. ഓരോരുത്തരെയും നേതൃത്വം പരിഗണിക്കണമെന്നാണ് പാർട്ടി പ്രവർത്തകർ ആഗ്രഹിക്കുന്നതെന്ന് മറ്റൊരു വിമത നേതാവായ സന്ദീപ് ദീക്ഷിത് പറഞ്ഞു. പാർട്ടിയിൽ പരിഷ്കരണം വേണമെന്നാണ് സോണിയ ആഗ്രഹിക്കുന്നതെന്നും എന്നാൽ അവർക്ക് ചുറ്റിലുമുള്ളവർ അത് അട്ടിമറിക്കുകയാണെന്നും മുതിർന്ന നേതാവ് വീരപ്പ മൊയ്ലി ഗുലാം നബി-സോണിയ കൂടിക്കാഴ്ചക്ക് മുമ്പ് പറഞ്ഞിരുന്നു. ജി-23 നേതാക്കൾ സോണിയയെ ലക്ഷ്യമിടുന്നതിലൂടെ പാർട്ടിയെ ദുർബലപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും മൊയ്ലി വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.