നിയമസഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പിയുമായുള്ള സഖ്യം തുടരാൻ എ.ഐ.എ.ഡി.എം.കെ
text_fieldsചെന്നൈ: 2021ൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പിയുമായുള്ള സഖ്യം തുടരാൻ ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ. ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത ചടങ്ങിലാണ് എ.ഐ.എ.ഡി.എം.കെ ഇക്കാര്യം അറിയിച്ചത്. ആറുമാസത്തിനകം തമിഴ്‌നാട്ടിൽ തെരഞ്ഞെടുപ്പ് നടക്കും.
വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലും എ.ഐ.എ.ഡി.എം.കെ-ബി.ജെ.പി സഖ്യം ഒരുമിച്ച് പോരാടും. കൂടുതൽ സീറ്റുകൾ നേടുമെന്നും സംസ്ഥാനത്ത് അധികാരം നിലനിർത്തുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി പറഞ്ഞു.
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോശം പ്രകടനത്തെത്തുടർന്ന് എ.ഐ.എ.ഡി.എം.കെ ബി.ജെ.പിയുമായുള്ള സഖ്യം ഉപേക്ഷിക്കുമെന്ന അഭ്യൂഹത്തിന് ഇതോടെ വിരാമമായി. എ.ഐ.എ.ഡി.എം.കെയും ബി.ജെ.പിയും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിനിടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തമിഴ്നാട്ടിൽ എത്തിയത്.
നേരത്തേ ബി.ജെ.പിയുടെ 'വെട്രിവൽ യാത്ര'യെ എ.ഐ.എ.ഡി.എം.കെ വിമര്‍ശിച്ചിരുന്നു. സംസ്ഥാനത്തെ സമാധാനവും ഐക്യവും തകർക്കാൻ ലക്ഷ്യമിടുന്ന ഘോഷയാത്രകൾ അനുവദിക്കില്ലെന്ന് പാർട്ടി മുഖപത്രത്തിലെഴിതുയ ലേഖനത്തിൽ പറഞ്ഞിരുന്നു.
അതേസമയം ഔദ്യോഗിക പരിപാടികൾ ഉദ്ഘാടനം ചെയ്യാനാണ് ഷാ എത്തിയതെന്നാണ് എ.ഐ.എ.ഡി.എം.കെ അവകാശപ്പെടുന്നത്. എന്നാൽ പാർട്ടി ഭാരവാഹികളുമായുള്ള ചര്‍ച്ചയ്ക്ക് എന്നാണ് ബി.ജെ.പി ഷായുടെ യാത്രയെക്കുറിച്ച് പറഞ്ഞത്.
എൻ.ഡി.എ വിപുലീകരിക്കുന്നത് സംബന്ധിച്ച് നിര്‍ണ്ണായക തീരുമാനങ്ങള്‍ ഷാ കൈക്കൊള്ളുമെന്നാണ് സൂചനകള്‍. രണ്ടുദിവസത്തെ സന്ദർശനത്തിനിടെ 67,378 കോടി രൂപയുടെ വികസന പദ്ധതികൾ ഷാ ഉദ്ഘാടനം ചെയ്യും. പളനിസ്വാമിയുടെയും പനീർസെൽവത്തിന്‍റെയും നേതൃത്വത്തിൽ തമിഴ്‌നാട് വലിയ പുരോഗതി കൈവരിച്ചതായി സദസ്സിനെ അഭിസംബോധന ചെയ്ത അമിത് ഷാ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.