ഹരജിയിൽ കേരളത്തിന്റെ ഭേദഗതി; ഗവർണർക്ക് സുപ്രീംകോടതി മാർഗനിർദേശം വേണം
text_fieldsന്യൂഡൽഹി: ഭരണഘടനയുടെ 200ാം അനുഛേദ പ്രകാരമുള്ള അധികാരം ഉപയോഗിക്കുന്നതിന് ഗവർണർക്ക് സുപ്രീംകോടതി മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് കേരള സർക്കാർ ആവശ്യപ്പെട്ടു. ഭരണഘടനാപരമായി അനുവദിക്കാത്ത വിവേചനാധികാരം ഗവർണർക്ക് നൽകിയാൽ ഫലത്തിൽ അത് സംസ്ഥാന നിയമങ്ങൾ വീറ്റോചെയ്യുന്ന സൂപ്പർ നിയമനിർമാണ സഭയാക്കി കേന്ദ്ര സർക്കാറിനെ മാറ്റുമെന്ന് കേരളം മുന്നറിയിപ്പ് നൽകി. ബില്ലുകൾ പിടിച്ചുവെക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സമർപ്പിച്ച ആദ്യ ഹരജിയിൽ ഭേദഗതിവരുത്താൻ കേരളത്തിനുവേണ്ടി ഹാജരായ മുൻ അറ്റോണി ജനറൽ കെ.കെ വേണുഗോപാൽ നൽകിയ അപേക്ഷ സുപ്രീംകോടതി അംഗീകരിച്ചിരുന്നു. കേരള ഗവർണർ ചെയ്തതുപോലെ പണ ബില്ലുകൾ തീരുമാനമാക്കാതെ കാലങ്ങളോളം പിടിച്ചുവെക്കുന്നത് ഭരണഘടനാപരമായ അധികാരങ്ങൾക്ക് വിരുദ്ധമാണെന്ന് കേരളം ചൂണ്ടിക്കാട്ടി. പണബില്ലിന് അനുമതി നൽകുകയല്ലാതെ ഗവർണർക്ക് മുന്നിൽ മറ്റു വഴികളില്ല. എന്നിട്ടും തന്റെ അനുമതി ഗവർണർ വെച്ചുതാമസിപ്പിച്ചാൽ സംസ്ഥാനത്തിന്റെ ഫണ്ട് വിനിയോഗിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകുമെന്ന് കേരളം വ്യക്തമാക്കി.
അപേക്ഷയിലെ ആവശ്യങ്ങൾ
1. നിയമസഭ അംഗീകാരത്തിനായി സമർപ്പിച്ച ബില്ലിന് ഗവർണർ ഒന്നുകിൽ അംഗീകാരം നൽകുകയോ അല്ലെങ്കിൽ പിടിച്ചുവെക്കുകയോ അതുമല്ലെങ്കിൽ എന്തെങ്കിലും സന്ദേശത്തോടെ നിയമസഭയിലേക്ക് മടക്കുകയോ ചെയ്യണം. ഈ മൂന്ന് തീരുമാനങ്ങൾ ഗവർണർ കൈക്കൊള്ളേണ്ട സാഹചര്യങ്ങൾ ഏതെല്ലാം എന്ന കാര്യത്തിൽ മാർഗനിർദേശങ്ങൾ വേണം.
2. ഭരണഘടനയുടെ 200ാം അനുഛേദത്തിലെ ആദ്യ വ്യവസ്ഥയിലെ ‘എത്രയും പെട്ടെന്ന്’ എന്നത് വ്യാഖ്യാനിച്ച് ബില്ലിന്മേൽ തീരുമാനമെടുക്കാൻ ഗവർണർക്ക് സമയപരിധി നിർണയിക്കണം.
3. ഭരണഘടനാപരമായ ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ പരാജയപ്പെട്ട ഗവർണർക്കെതിരെ നടപടി വേണം
4. തീരുമാനമെടുക്കാതെ വെച്ചിരിക്കുന്ന എല്ലാ ബില്ലുകളും ഇനിയും കാലതാമസം വരുത്താതെ തീർപ്പാക്കണം.
5. കോടതിക്ക് തോന്നുന്നപക്ഷം നീതിയുടെ താൽപര്യത്തിന് അനുഗുണമെന്ന് തോന്നുന്ന മറ്റു ഉത്തരവുകൾ പുറപ്പെടുവിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.