ഡൽഹി അധികാരത്തർക്കം; ആപ്പിനുവേണ്ടി വാദിക്കാൻ ചിദംബരം
text_fieldsന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനു വേണ്ടി കേസ് വാദിക്കാൻ മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം വക്കീൽ കോട്ടണിയുന്നു. ഡൽഹിയുടെ ‘ബോസ്’ ലഫ്റ്റനൻറ് ഗവർണറാണെന്ന ഡൽഹി ഹൈകോടതി വിധി ചോദ്യംചെയ്താണ് ആപ് സർക്കാർ സുപ്രീംകോടതിയിലെത്തുന്നത്. ഇൗ കേസിലാണ് മറ്റ് മുതിർന്ന ഒമ്പത് അഭിഭാഷകർക്കൊപ്പം താരപരിവേഷവുമായി ചിദംബരവും ഹാജരാകുന്നത്.
കെജ്രിവാൾ ചിദംബരത്തിെൻറ കടുത്ത വിമർശകനായിരുന്നു എന്നതാണ് സംഭവത്തെ കൗതുകകരമാക്കിയത്. ചിദംബരം ജനവിരുദ്ധനും കൊടിയ അഴിമതിക്കാരനുമാണെന്നാണ് അഴിമതിവിരുദ്ധ പോരാളിയായിരുന്നപ്പോൾ കെജ്രിവാൾ ഉന്നയിച്ചിരുന്ന വിമർശനം.
ഭരണഘടന, ഡൽഹി ഗവൺമെൻറിനെക്കാൾ അധികാരം ലഫ്റ്റനൻറ് ഗവർണർക്ക് നൽകുന്നുണ്ടെന്ന് താൻ കരുതുന്നില്ലെന്ന് ചിദംബരം പ്രതികരിച്ചു. ആപ് സർക്കാറിനുവേണ്ടി ചിദംബരം ഹാജരാകുന്നതിെൻറ സ്ഥിരീകരണവുമായി ഇൗ പ്രതികരണം. ഡൽഹിയും കേന്ദ്ര സർക്കാറും തമ്മിലുള്ള കേസിൽ മുൻ ആഭ്യന്തര മന്ത്രി എന്നനിലയിൽ ചിദംബരം കൂടുതൽ അവഗാഹമുള്ളയാളാണെന്നും അദ്ദേഹം തികഞ്ഞ പ്രഫഷനലാണെന്നും ഡൽഹി ഗവൺമെൻറ് വക്താവ് പ്രതികരിച്ചു. ചിദംബരം കോടതിയിലെത്തുന്നതിനെ ഡൽഹിക്കുവേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ് പ്രശംസിച്ചു. നേരത്തേ ഡൽഹിയിൽ പാർലമെൻററി സെക്രട്ടറിമാരെ നിയമിച്ചതടക്കമുള്ള കാര്യങ്ങളിൽ കെജ്രിവാൾ സർക്കാർ ചിദംബരത്തിെൻറ നിയമോപദേശം തേടിയിട്ടുണ്ടെന്നും അവർ പറഞ്ഞു.
വെള്ളിയാഴ്ച വാദം തുടങ്ങിയ കേസിൽ അന്ന് ആപ്പിനുവേണ്ടി ഹാജരായത് ഗോപാൽ സുബ്രഹ്മണ്യമാണ്. രാജീവ് ധവാനാണ് കെജ്രിവാളിെൻറ മറ്റൊരു അഭിഭാഷകൻ. കേസ് വീണ്ടും പരിഗണിക്കുന്ന ചൊവ്വാഴ്ചയാണ് പി. ചിദംബരം ഹാജരാകുക. അതേസമയം, എതിർപക്ഷത്ത് കേന്ദ്ര ഗവൺമെൻറിനുവേണ്ടി വാദിക്കാൻ മുൻനിര അഭിഭാഷകരില്ല. സോളിസിറ്റർ ജനറൽ രഞ്ജിത് കുമാർ രാജിവെച്ചശേഷം മനീന്ദർ സിങ്ങാണ് സർക്കാറിനുവേണ്ടി ഹാജരാകുന്ന അഭിഭാഷകൻ. അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ ആകെട്ട, നേരത്തേ കെജ്രിവാളിനുവേണ്ടി കേസ് വാദിച്ചിട്ടുള്ളതിനാൽ ഇൗ കേസിൽ ഹാജരാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.