17ാം നൂറ്റാണ്ടിലേക്ക് മടങ്ങിപ്പോവുകയാണോ നമ്മൾ; സ്ത്രീയെ മർദിച്ച് നഗ്നയായി നടത്തിച്ച സംഭവത്തിൽ കർണാടക ഹൈകോടതി
text_fieldsബംഗളൂരു: കർണാടകയിൽ സ്‍ത്രീയെ മർദിച്ച് നഗ്നയായി നടത്തിച്ചതിനു ശേഷം ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിട്ട സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഹൈകോടതി. അസാധാരണമായ കേസാണിതെന്ന് നിരീക്ഷിച്ച കോടതി ഇതിന് തങ്ങളുടെ കൈയിൽ അസാധാരണമായ ചികിത്സയുണ്ടെന്നും മറുപടി നൽകി. സ്ത്രീയുടെ മകൻ, മറ്റൊരാളുമായി വിവാഹം നിശ്ചയിച്ച പെൺകുട്ടിയുമായി ഒളിച്ചോടി എന്നാരോപിച്ചായിരുന്നു മർദനം. പെൺകുട്ടിയുടെ വീട്ടുകാരായിരുന്നു ക്രൂരമായ മർദനത്തിനു പിന്നിൽ. ഡിസംബർ 11നായിരുന്നു നാടിനെ നടുക്കിയ സംഭവം.
കൂടുതൽ റിപ്പോർട്ട് സമർപ്പിക്കാനും ഡിസംബർ 18ന് കോടതിയിൽ നേരിട്ട് ഹാജരാകാനുമായി ബെലഗാവി പൊലീസ് കമ്മീഷണർക്കും അസിസ്റ്റന്റ് പൊലീസ് കമ്മീഷണർക്കും (എ.സി.പി) ഹൈകോടതി ഡിവിഷൻ ബെഞ്ച് സമൻസ് അയച്ചു. കേസിൽ സ്വീകരിച്ച നടപടികളെ കുറിച്ചുള്ള രേഖയും മെമ്മോയും അഡ്വക്കേറ്റ് ജനറൽ ഡിവിഷൻ ബെഞ്ചിനു മുന്നിൽ സമർപ്പിച്ചിരുന്നു. എന്നാൽ ഈ റിപ്പോർട്ട് മതിയാകില്ലെന്നും കൂടുതൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി. അക്രമികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും കോടതി നിർദേശിച്ചു.
''ഈ സംഭവം എല്ലാവർക്കും നാണക്കേടുണ്ടാക്കിയ ഒന്നാണ്. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷമായിട്ടും ഇതുപോലുള്ള സംഭവങ്ങൾ ഒഴിവാക്കാൻ സാധിച്ചിട്ടില്ല എന്നത് നമ്മുടെ നേർക്കുള്ള ചോദ്യചിഹ്നമായി അവശേഷിക്കുന്നു. നാമിപ്പോൾ ജീവിക്കുന്നത് 21ാം നൂറ്റാണ്ടിലോ അതോ 17ാം നൂറ്റാണ്ടിലേക്ക് മടങ്ങുകയാണോ? നമ്മൾ സമത്വമോ പുരോഗമനപരതയോ കാണാൻ പോകുകയാണോ അതോ 17 ഉം 18 ഉം നൂറ്റാണ്ടുകളിലേക്ക് മടങ്ങുകയാണോ. അതിയായ വേദനകൊണ്ടാണ് ഇത്തരം പരുഷമായ വാക്കുകൾ ഉപയോഗിക്കുന്നത്. ഞങ്ങൾ അതിരുകടക്കുന്നു, എന്നാൽ നിസ്സഹായതാണ്. ഇത്തരം കടുത്ത വാക്കുകളിലൂടെയെങ്കിലും രോഷം പ്രകടിപ്പിക്കുക മാത്രമേ സാധിക്കുന്നുള്ളൂ.''-ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
അടുത്ത തലമുറയെ കൂടി ബാധിക്കുന്നതാണ് ഇതുപോലുള്ള സംഭവങ്ങൾ. അടുത്ത തലമുറക്ക് സ്വപ്നം കാണാനുള്ള ഒരു സമൂഹമാണോ നാം സൃഷ്ടിക്കുന്നത്. അല്ലെങ്കിൽ ജീവിക്കുന്നതിനേക്കാൾ നല്ലത് മരിക്കുന്നതാണ് എന്ന് ആളുകൾക്ക് തോന്നിപ്പിക്കുന്ന ഒരു സമൂഹമാണോ? ആ സ്ത്രീക്ക് ഒരുതരത്തിലുള്ള ബഹുമാനവും നൽകിയില്ലെന്നും കോടതി വിമർശിച്ചു. ആക്രമിക്കപ്പെട്ട സ്ത്രീ എസ്.സി/എസ്.ടി സമുദായക്കാരിയാണെന്നും എന്നാൽ കേസിൽ ആ വകുപ്പ് ചേർത്തിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഡിസംബർ 12ന് പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു സംഭവത്തിൽ.
നിയമത്തെ പോലും വെല്ലുവിളിക്കാൻ കഴിയും എന്ന അപകടരമായ സിഗ്നൽ ആണ് സമൂഹത്തിന് നൽകുന്നതെന്നും കോടതി മുന്നറിയിപ്പ് നൽകി. വിഷയത്തിൽ മൗനം പാലിക്കുന്ന വനിത കമ്മീഷനെയും കോടതി വിമർശിച്ചു. കമ്മീഷനിലെ ഏതെങ്കിലുമൊരംഗം സ്ത്രീയുടെ വീട് സന്ദർശിച്ചോ എന്ന് ചോദിഞ്ഞ കോടതി ടെലിവിഷൻ ചർച്ചകളിലൂടെയല്ല, നേരിട്ട് ഇടപെട്ട് നടപടിയെടുക്കുന്നത് വഴിയാണ് സ്ത്രീകൾക്ക് നീതി ലഭിക്കുകയെന്നും ഓർമപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.