കശ്മീരിൽ തിരച്ചിൽ തുടർന്ന് സൈന്യം; മൂന്ന് ഭീകരരുടെ വീടുകൾകൂടി തകർത്തു
text_fieldsശ്രീനഗർ: പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഭീകരർക്കെതിരെ നടപടി ശക്തമാക്കി സൈന്യം. ജമ്മു-കശ്മീരിലെ കുപ്‍വാര ജില്ലയിൽ സുരക്ഷാ സേന ഭീകരരുടെ ഒളിത്താവളം തകർത്തു. ഇവിടെനിന്ന് വൻ ആയുധശേഖരവും വെടിക്കോപ്പുകളും പിടിച്ചെടുത്തു.
മുഷ്താഖാബാദ് മച്ചിലിലെ സെഡോരി നാലയിലെ വനപ്രദേശത്താണ് സുരക്ഷാ സേന നടത്തിയ തിരച്ചിലിൽ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി തകർത്തത്. അഞ്ച് എ.കെ-47 തോക്കുകൾ, എട്ട് എ.കെ-47 വെടിമരുന്നുകൾ, കൈത്തോക്ക്, കൈത്തോക്കിനുള്ള വെടിയുണ്ടകൾ, 660 റൗണ്ട് എ.കെ-47 വെടിയുണ്ടകൾ, 50 റൗണ്ട് എം4 വെടിയുണ്ടകൾ എന്നിവയുൾപ്പെടെ പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. മേഖലയിൽ ഭീകരപ്രവർത്തനം നടത്താൻ തീവ്രവാദികൾ തയാറെടുക്കുന്നുണ്ടെന്ന വിവരം കണക്കിലെടുത്ത് നടത്തിയ തിരച്ചിലിലാണ് ആയുധങ്ങൾ കണ്ടെടുത്തത്. സൈന്യം നിരവധി പേരെ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.
അതേസമയം, മൂന്ന് ഭീകരരുടെ വീടുകൾകൂടി സേന തകർത്തു. തെക്കൻ കശ്മീരിലെ പുൽവാമ, ഷോപിയാൻ, കുൽഗാം ജില്ലകളിലെ മൂന്ന് വീടുകൾ വെള്ളിയാഴ്ച രാത്രിയാണ് തകർത്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പുൽവാമ മുറാൻ മേഖലയിലെ അഹ്സാനുൽ ഹഖ് ശൈഖിന്റെ വീടാണ് തകർത്തത്. ഇയാൾ 2018ൽ പാകിസ്താനിൽ പരിശീലനം നേടിയെന്നും അടുത്തിടെയാണ് താഴ്‌വരയിലേക്ക് നുഴഞ്ഞുകയറിയെന്നും അധികൃതർ പറഞ്ഞു.
ഷോപിയാൻ ജില്ലയിലെ ചോതിപോറയിലും സമാനരീതിയിൽ, ലശ്കറെ ത്വയ്യിബ കമാൻഡർ ശാഹിദ് അഹ്മദ് കുട്ടായുടെ വീടും തകർത്തു. മൂന്നുനാല് വർഷമായി സജീവമായ ശാഹിദ് നിരവധി ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നേരത്തെ, പഹൽഗാം ഭീകരാക്രമണത്തിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ഉൾപ്പെടെ രണ്ട് ലശ്കറെ ത്വയ്യിബ ഭീകരരുടെ സ്ഫോടകവസ്തുക്കൾ സൂക്ഷിച്ച വീടുകൾ വ്യാഴാഴ്ച രാത്രി തകർത്തിരുന്നു.
ഇതിനിടെ, ജമ്മു- കശ്മീരിലെ നിയന്ത്രണരേഖയിൽ പലയിടത്തായി പാക് സൈന്യം വീണ്ടും വെടിവെപ്പ് നടത്തി. ഇന്ത്യൻ സേന ശക്തമായ തിരിച്ചടി നൽകി. പഹൽഗാം ഭീകരാക്രമണത്തിനുശേഷം തുടർച്ചയായി അതിർത്തി സംഘർഷഭരിതമാണ്. വെടിവെപ്പിൽ ആളപായമില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.