‘ഇൻഡ്യ’ സഖ്യത്തിന്റെ മുംബൈ യോഗത്തിൽ പങ്കെടുക്കുമെന്ന് അരവിന്ദ് കെജ്രിവാൾ
text_fieldsന്യുഡൽഹി: ഈ മാസം അവസാനം മുംബൈയിൽ ചേരുന്ന പ്രതിപക്ഷ സഖ്യമായ ‘ഇൻഡ്യ’യുടെ യോഗത്തിൽ പങ്കെടുക്കുമെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ. പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പങ്കെടുക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മുംബൈയിലേക്ക് പോകുമെന്നും തീരുമാനങ്ങൾ മാധ്യമങ്ങളുമായി പങ്കുവെക്കുമെന്നും കെജ്രിവാൾ വ്യക്തമാക്കിയത്.
ആഗസ്റ്റ് 31, സെപ്തംബർ 1 തീയതികളിൽ മുംബൈയിലാണ് ‘ഇൻഡ്യ’ സഖ്യത്തിന്റെ മൂന്നാമത്തെ യോഗം നടക്കുക. പാർട്ടികളുടെ അഭിപ്രായ വ്യത്യാസങ്ങൾ യോഗത്തിൽ പരമാവധി പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. കൂടാതെ, സഖ്യത്തിന്‍റെ ഏകോപനത്തിനായി 11 അംഗസമിതി രൂപീകരിക്കുകയും കൺവീനറെ തെരഞ്ഞെടുക്കുകയും ചെയ്യും.
ശിവസേന (യു.ബി.ടി) വിഭാഗവും എൻ.സി.പി ശരദ് പവാർ വിഭാഗവും കോൺഗ്രസിന്റെ പിന്തുണയോടെ സംയുക്തമായാണ് മുംബൈയിൽ യോഗം സംഘടിപ്പിക്കുന്നത്. മൂന്ന് പാർട്ടികളും മഹാവികാസ് അഖാഡി സഖ്യത്തിലെ ഘടകകക്ഷികളാണ്. ഇൻഡ്യ സഖ്യത്തിന്‍റെ യോഗം വിജയകരമാക്കുമെന്ന് ശരദ് പവാർ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇൻഡ്യ സഖ്യത്തിന്‍റെ ആദ്യ യോഗം ജൂണിൽ ബിഹാറിലെ പട്‌നയിലും രണ്ടാമത്തേത് കഴിഞ്ഞ മാസം കർണാടകയിലെ ബംഗളൂരുവിലും ചേർന്നിരുന്നു. ബംഗളൂരുവിൽ നടന്ന 26 പാർട്ടികളുടെ യോഗത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റ് ഇൻക്ലൂസീവ് അലയൻസ് (ഇൻഡ്യ) എന്ന സഖ്യം പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.