രാജസ്ഥാൻ മുഖ്യമന്ത്രിയുടെ വിശ്വസ്തൻ ബി.ജെ.പിയിൽ; പത്രിക പിൻവലിച്ചു
text_fieldsജയ്പൂർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ വിശ്വസ്തനും ജോധ്പൂർ മുൻ മേയറുമായ രാമേശ്വർ ദാധിച്ച് ബി.ജെ.പിയിൽ ചേർന്നു. കേന്ദ്രമന്ത്രിയും രാജസ്ഥാനിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിക്കുകയും ചെയ്യുന്ന പ്രഹ്ലാദ് ജോഷി, കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് എം.പി രാജേന്ദ്ര ഗെഹ്ലോട്ട് എന്നിവരുടെ സാന്നിധ്യത്തിലാണ് രാമേശ്വർ ബി.ജെ.പി അംഗത്വം സ്വീകരിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ സൂർസാഗർ മണ്ഡലത്തിൽ നിന്ന് സ്വതന്ത്രനായി മൽസരിക്കാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. ബി.ജെ.പിയുടെ രാജ്യവർധൻ സിങ് റാഥോഡ് ആയിരുന്നു എതിരാളി. ബി.ജെ.പിയിൽ ചേർന്നതോടെ രാമേശ്വർ പത്രിക പിൻവലിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് താൻ ബി.ജെ.പിയിൽ ചേർന്നതെന്ന് രാമേശ്വർ പ്രതികരിച്ചു. മോദിയല്ല പ്രധാനമന്ത്രിയെങ്കിൽ അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ സാധിക്കുമായിരുന്നില്ലെന്നും രാമേശ്വർ പറഞ്ഞു.
കോൺഗ്രസിന്റെ നയങ്ങളിൽ നിരാശപൂണ്ടാണ് അണികൾ പാർട്ടി വിട്ട് ബി.ജെ.പിയിലെത്തുന്നതെന്ന് ശെഖാവത്ത് പറഞ്ഞു. വ്യാഴാഴ്ചയായിരുന്നു രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പിലേക്ക് പത്രിക സമർപ്പിച്ചവർക്ക് പിൻവലിക്കാനുള്ള അവസാന തീയതി. നവംബർ 25നാണ് രാജസ്ഥാനിൽ വോട്ടെടുപ്പ്. ഡിസംബർ മൂന്നിന് ഫലമറിയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.