ഇംലിപുര സംഘർഷം: 28 പേർക്ക് ജാമ്യം അനുവദിച്ച് ഹൈകോടതി
text_fieldsഇൻഡോർ: മധ്യപ്രദേശ് ഖാണ്ട്വ ജില്ലയിലെ ഇംലിപുരയിൽ ഒമ്പത് വർഷം മുമ്പുണ്ടായ സംഘർഷത്തിൽ ജയിലിലായ 28 പേർക്ക് ജാമ്യം. മധ്യപ്രദേശ് ഹൈകോടതിയാണ് ജാമ്യം അനുവദിച്ചത്.
2014 ജൂലൈ 30നായിരുന്നു കേസിനാസ്പദമായ സംഭവം. പൊലീസ് സംഘത്തിനു നേർക്ക് കല്ലേറുണ്ടായതിനെ തുടർന്ന് വധശ്രമം അടക്കം കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. ഡിംസബറിൽ 40 പേർ കുറ്റക്കാരാണെന്ന് സെഷൻസ് കോടതി കണ്ടെത്തി ഏഴ് വർഷം കഠിന തടവും 6,500 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. കേസിലുൾപ്പെട്ട പലരും സംഭവം നടന്ന സമയത്ത് പ്രായപൂർത്തിയാകാത്തവരായിരുന്നു.
പൊലീസ് പിന്നീട് പിടികൂടി കുറ്റം ചുമത്തിയവരിൽ പലരും നിരപരാധികളായിരുന്നെന്ന് ഇവരുടെ കുടുംബങ്ങൾ ആദ്യം മുതൽ വാദിച്ചിരുന്നു. സംഭവ ദിവസം ഗാസ്പൂർ പ്രദേശത്തുകാരായ ഇവർ വെള്ളിയാഴ്ച പള്ളിയിൽ പ്രാർത്ഥനയിലായിരുന്നെന്നും, ഏതാനും പേർ കല്ലെറിഞ്ഞിട്ടുണ്ടെങ്കിലും അത്തരമൊരു സംഭവത്തിന് പൊതുവായ ഉദ്ദേശ്യമോ പദ്ധതിയോ ഉണ്ടായിരുന്നില്ലെന്നും കുറ്റാരോപിതരുടെ കുടുംബം പറഞ്ഞിരുന്നു. ഇതോടെ അസോസിയേഷൻ ഫോർ ദി പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് (എ.പി.സി.ആർ) ഇവർക്ക് നിയമസഹായവുമായി രംഗത്തെത്തി.
ഇതോടെയാണ് ഇപ്പോൾ 28 പേർക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്. പ്രോസിക്യൂഷൻ നിരത്തിയ തെളിവുകളിലെ നിരവധി വീഴ്ചകളും വൈരുദ്ധ്യങ്ങളും അഭിഭാഷകർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.