‘ബംഗ്ല സഹായത കേന്ദ്രം’ പഠിക്കാൻ ബംഗ്ലാദേശ് ടീം കൊൽക്കത്തയിൽ
text_fieldsകൊൽക്കത്ത: സർക്കാർ സേവനങ്ങൾ സൗജന്യമായി പൗരന്മാർക്ക് ലഭ്യമാക്കാനായി പശ്ചിമ ബംഗാൾ സർക്കാർ നടപ്പാക്കിയ ബംഗ്ല സഹായത കേന്ദ്രത്തിന്റെ (ബി.എസ്.കെ) പ്രവർത്തനങ്ങൾ പഠിക്കാൻ ബംഗ്ലാദേശ് സാങ്കേതിക വിദഗ്ധസംഘം കൊൽക്കത്തയിൽ.
ഡിജിറ്റൽ പൊതുസേവന വിതരണ സംവിധാനമായ ബി.എസ്.കെ സംസ്ഥാനത്ത് സൃഷ്ടിച്ച സേവന വിപ്ലവങ്ങൾ മഹത്തരമാണെന്ന് ബംഗ്ലാദേശ് സംഘം പ്രകീർത്തിച്ചു. സംസ്ഥാനത്ത് ഡിജിറ്റൽ സാങ്കേതികവിദ്യ വിതരണത്തിലെ അസമത്വം ഒഴിവാക്കാനും ഭരണനേട്ടങ്ങൾ ഗ്രാമ പ്രദേശങ്ങളിലേക്ക് എത്തിക്കാനുമുള്ള സൗജന്യ വെബ് പോർട്ടലാണ് ബി.എസ്.കെ. സംസ്ഥാനത്ത് രണ്ടുവർഷം മുമ്പ് നടപ്പാക്കിയ പോർട്ടൽ വഴി 4.7 കോടി ജനങ്ങൾക്കായി 9.5 കോടി സേവനങ്ങൾ ലഭ്യമാക്കി.
ഗുണഭോക്താക്കളിൽ 92 ശതമാനവും ഗ്രാമപ്രദേശങ്ങളിൽനിന്നുള്ളവരാണ്. ഇതിൽ 39 ശതമാനവും സ്ത്രീകളാണ്. പ്രതിദിനം ശരാശരി 25ലധികം വകുപ്പുകളുടെ സേവനങ്ങൾ അവരുടെ വീടിനടുത്തുള്ള കേന്ദ്രങ്ങളിൽനിന്ന് ലഭിക്കും. വൈദ്യുതി ബിൽ അടക്കൽ, ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കൽ, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയ സേവനങ്ങൾ പോർട്ടലിലൂടെ സൗജന്യമായി ലഭിക്കും. നിലവിൽ 3561 ബി.എസ്.കെ കേന്ദ്രങ്ങളാണ് വിവിധ സർക്കാർ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നത്. 1461 കേന്ദ്രങ്ങൾകൂടി ഉടൻ സ്ഥാപിക്കും. ഇന്ത്യയിൽ ഏറെ ശ്രദ്ധയാകർഷിച്ച പദ്ധതിയെക്കുറിച്ച് പഠിക്കാൻ ബംഗ്ലാദേശിൽനിന്നുള്ള നാലംഗ സംഘമാണ് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.