നീതിദേവത പ്രതിമയിലെ മാറ്റം; പ്രതിഷേധം അറിയിച്ച് സുപ്രീംകോടതി ബാർ അസോസിയേഷൻ
text_fieldsന്യൂഡൽഹി: നീതിദേവത പ്രതിമയിലെ മാറ്റത്തിൽ പ്രതിഷേധമറിയിച്ച് സുപ്രീംകോടതി ബാർ അസോസിയേഷൻ. ഇതുസംബന്ധിച്ച് പ്രമേയവും സുപ്രീംകോടതി ബാർ അസോസിയേഷൻ പാസാക്കിയിട്ടുണ്ട്. ബാർ അസോസിയേഷൻ അംഗങ്ങളുമായി കൂടിയാലോചന നടത്താതെയാണ് തീരുമാനമെടുത്തതെന്നും പ്രമേയത്തിൽ കുറ്റപ്പെടുത്തുന്നു.
ഈയടുത്തായി സുപ്രീംകോടതി എംബ്ലത്തിലും നീതിദേവതയുടെ പ്രതിമയിലും ഏകപക്ഷീയമായി ചില മാറ്റങ്ങൾ വരുത്തിയിരുന്നു. ബാർ അസോസിയേഷനുമായി കൂടിയാലോചന നടത്താതെയായിരുന്നു മാറ്റങ്ങൾ. ഇതിനെ കുറിച്ച് തങ്ങൾക്ക് അറിവുണ്ടായിരുന്നില്ലെന്നും ഒരു സൂചനയും നൽകിയിരുന്നില്ലെന്നും സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രമേയത്തിൽ പറയുന്നു.
സുപ്രീംകോടതിയിലെ ജഡ്ജസ് ലൈബ്രറിയിലെ നീതിദേവതക്കാണ് പുതുരൂപം നൽകിയത്. കണ്ണുമൂടിക്കെട്ടി, ഒരു കൈയിൽ ത്രാസും മറുകൈയിൽ വാളുമായി നിൽക്കുന്ന നീതിദേവതയെ ഇനി ഇവിടെ കാണാനാകില്ല. പകരം, എല്ലാം കാണുന്ന പുതിയ നീതിദേവതക്ക് വാളിന് പകരം കൈയിൽ ഭരണഘടനയുമായി നിൽക്കുന്ന നീതിദേവതയാണ് ജഡ്ജസ് ലൈബ്രറിയെ അലങ്കരിക്കുക. കണ്ണുകൾ നഗ്നമാക്കുന്നതിലൂടെ രാജ്യത്തെ നിയമത്തിന് അന്ധതയില്ലെന്നും വാൾ ഒഴിവാക്കുന്നതിലൂടെ നിയമം ശിക്ഷയുടെ പ്രതീകമല്ല എന്നുമുള്ള സന്ദേശമാണ് നൽകുന്നത്.
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്‍റെ നിർദേശപ്രകാരമാണ് പുതിയ പ്രതിമ സ്ഥാപിച്ചത്. ക്രിമിനല്‍ നിയമങ്ങളില്‍ ആധിപത്യം സ്ഥാപിച്ചിരുന്ന ബ്രിട്ടീഷ് കൊളോണിയല്‍ പാരമ്പര്യവും സ്വാധീനവും ഇല്ലാതാക്കാനായാണ് പുതിയ പരിഷ്കരണമെന്ന് ചീഫ് ജസ്റ്റിസിന്‍റെ ഓഫീസ് വൃത്തങ്ങൾ പറയുന്നു. ഇന്ത്യന്‍ പീനല്‍ കോഡിന് പകരം ഭാരതീയ ന്യായ സംഹിത അവതരിപ്പിച്ചതിന് സമാനമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.