'അടിസ്ഥാനരഹിതം'; ഗെഹ്ലോട്ടിന്‍റെ ചതിയൻ പരാമർശത്തിന് മറുപടിയുമായി സചിൻ പൈലറ്റ്
text_fieldsജയ്പൂർ: തനിക്കെതിരെ ആഞ്ഞടിച്ച രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് മറുപടിയുമായി രാഷ്ട്രീയ എതിരാളിയും കോൺഗ്രസ് നേതാവുമായ സചിൻ പൈലറ്റ്. ഗെഹ്ലോട്ടിന്‍റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സചിൻ പറഞ്ഞു. ബി.ജെ.പിക്കൊപ്പം ചേർന്ന് രാജസ്ഥാൻ സർക്കാറിനെ അട്ടിമറിക്കാനാണ് സചിൻ പൈലറ്റ് ശ്രമിച്ചതെന്നും ചതിയനാണെന്നും എൻ.ഡി.ടി.വിക്കു നൽകിയ അഭിമുഖത്തിൽ ഗെഹ്ലോട്ട് തുറന്നടിച്ചിരുന്നു.
'ചതിയൻ, വിലയില്ലാത്തവൻ എന്നൊക്കെയാണ് അശോക് ഗെഹ്ലോട്ട് എന്നെ വിളിച്ചത്...അതെല്ലാം അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ്. അതിന്‍റെ ആവശ്യമില്ലായിരുന്നു' -സചിൻ പ്രതികരിച്ചു. ഞാൻ പാർട്ടി അധ്യക്ഷനായിരിക്കെ രാജസ്ഥാനിൽ ബി.ജെ.പിയുടെ അവസ്ഥ മോശമായിരുന്നു. എന്നിട്ടും ഗെഹ്ലോട്ടിന് മുഖ്യമന്ത്രിയാകാൻ കോൺഗ്രസ് വീണ്ടും അവസരം നൽകി. രാജസ്ഥാൻ തെരഞ്ഞെടുപ്പിൽ നമുക്ക് എങ്ങനെ വീണ്ടും വിജയിക്കാം എന്നതിനാണ് ഇന്ന് മുൻഗണന നൽകേണ്ടതെന്നും സിചൻ കൂട്ടിച്ചേർത്തു.
നേരത്തെ, സചിൻ പൈലറ്റ് മുഖ്യമന്ത്രിയാകുമെന്ന വാർത്തകൾ മാധ്യമങ്ങളുടെ സൃഷ്ടിയാണെന്ന് ഗെഹ്ലോട്ട് പറഞ്ഞിരുന്നു. അദ്ദേഹം സർക്കാറിനെ മറിച്ചിടാനാണ് നോക്കിയത്. അതിൽ അമിത് ഷാക്കും പങ്കുണ്ട്. ധർമേന്ദ്ര പ്രധാനും ഇതിൽ ഭാഗവാക്കാണ്. എല്ലാവരും ഡൽഹിയിൽ യോഗം ചേർന്നിരുന്നു. ചിലർ 34 ദിവസം റിസോർട്ടിൽ കഴിഞ്ഞു. അതാണ് ഞങ്ങളുടെ എം.എൽ.എമാരെ രോഷാകുലരാക്കിയത്. സചിൻ പൈലറ്റ് പാർട്ടിയെ വഞ്ചിച്ചു.
ചതിയനാണയാൾ. അങ്ങനെയൊരാൾ പിന്നെ എങ്ങനെ ജനങ്ങൾക്ക് സ്വീകാര്യനാകും. സർക്കാറിനെ അട്ടിമറിക്കാൻ ബി.ജെ.പി 10 കോടി വീതമാണ് നൽകിയത്. എന്റെ കൈയിൽ എല്ലാ തെളിവും ഉണ്ട്. ചിലർക്ക് അഞ്ചു കോടി കിട്ടി, ചിലർക്ക് പത്തും. പൈലറ്റ് മാപ്പ് പറയണം എന്നായിരുന്നു എം.എൽ.എമാരുടെ ആവശ്യം. എന്നാൽ നാളിതുവരെ അങ്ങനെയൊന്നുണ്ടായില്ല. പൈലറ്റ് മാപ്പ് പറഞ്ഞാൽ തീരുന്ന പ്രശ്നമേ ഇപ്പോൾ ഉള്ളൂവെന്നും ഗെഹ്ലോട്ട് അഭിമുഖത്തിൽ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.