മാധ്യമപ്രവർത്തകയുടെ ലൈംഗികാതിക്രമ പരാതി; നേതാവിനെ സസ്പെൻഡ് ചെയ്ത് ബംഗാൾ സി.പി.എം
text_fieldsകൊൽക്കത്ത: മാധ്യമപ്രവർത്തകയുടെ ലൈംഗികാതിക്രമ പരാതിയിൽ നേതാവിനെ സസ്പെൻഡ് ചെയ്ത് പശ്ചിമബംഗാൾ സി.പി.എം. തൻമോയ് ബട്ടാചാര്യയെയാണ് സി.പി.എം സസ്പെൻഡ് ചെയ്തിരിക്കുന്നത്. വനിത മാധ്യമപ്രവർത്തകയുടെ ഗുരുതര ലൈംഗികാരോപണങ്ങളെ തുടർന്നാണ് നടപടി. ഒക്ടോബർ 27ാം തീയതിയാണ് സംഭവം പുറംലോകമറിഞ്ഞത്.
മാധ്യമപ്രവർത്തക ഫേസ്ബുക്ക് ലൈവിലൂടെ ലൈംഗികാതിക്രമം സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തുകയായിരുന്നു. അഭിമുഖത്തിനിടെ ബട്ടാചാര്യ മോശമായി പെരുമാറിയെന്നാണ് പരാതിയിൽ പറയുന്നത്. വിഡിയോ വൈറലായതോടെ വലിയ വിമർശനമാണ് സി.പി.എം നേതാവിനെതിരെ ഉയർന്നത്.
തുടർന്ന് പാർട്ടി ഇക്കാര്യത്തിൽ ഉടൻ നടപടിയെടുക്കുകയായിരുന്നു. ഉടൻ തന്നെ നേതാവിനെ സസ്പെൻഡ് ചെയ്ത സി.പി.എം ആഭ്യന്തര അന്വേഷണത്തിനും ഉത്തരവിട്ടു. വിഷയത്തിൽ അതീവ ആശങ്ക രേഖപ്പെടുത്തിയ സി.പി.എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം നീതി ഉണ്ടാകുമെന്നും ഉറപ്പ് നൽകി.
തൻമോയിയുടെ പെരുമാറ്റത്തിൽ മാധ്യമപ്രവർത്തക അസ്വസ്ഥയായിരുന്നു. എതാണ് മോശം സ്പർശനമെന്ന് ഒരു സ്ത്രീക്ക് മനസിലാക്കാനാവും. പാർട്ടി ഗൗരവത്തോട് കൂടിയാണ് പരാതിയെ കാണുന്നത്. ആഭ്യന്തര സമിതിയുടെ അന്വേഷണം പൂർത്തിയാകുന്നത് വരെ തൻമോയിയെ പാർട്ടി പദവികളിൽ നിന്ന് സസ്പെൻഡ് ചെയ്യുകയാണെന്നും സി.പി.എം നേതൃത്വം അറിയിച്ചു.
അതേസമയം, ബട്ടാചാര്യയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. വനിത മാധ്യമപ്രവർത്തക പരാതി ഉന്നയിച്ചപ്പോൾ തന്നെ പൊലീസ് സ്റ്റേഷനിലേക്ക് പോവുകയായിരുന്നു സി.പി.എം ചെയ്യേണ്ടിയിരുന്നതെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് കുനാൽ ഘോഷ് പറഞ്ഞു.
മുൻ എം.എൽ.എയായ ഭട്ടചാര്യ നിരന്തരമായി പാർട്ടിക്കെതിരെ കലാപക്കൊടി ഉയർത്തിയിരുന്നു. ഈയടുത്ത് നടന്ന ബാരാനഗർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹം തോൽക്കുകയും ചെയ്തിരുന്നു. അതേസമയം, ആരോപണങ്ങൾ നിഷേധിച്ച ഭട്ടാചാര്യ അന്വേഷണവുമായി സഹകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.