'ഇത് മധ്യപ്രദേശ്, ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശ്....' -വിഡിയോ പങ്കുവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ
text_fieldsഇൻഡോർ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെത്തിയാൽ ശോഷിക്കുമെന്നും ആളുണ്ടാവില്ലെന്നുമായിരുന്നു പൊതുവെയുള്ള വിലയിരുത്തൽ. ജാഥയുടെ തുടക്കത്തിൽ കേരളത്തിലെ വൻ ജനപിന്തുണ കണ്ട് വിലയിരുത്തേണ്ടതില്ലെന്നായിരുന്നു എതിരാളികളുടെ ആരോപണം. എന്നാൽ, ഇത്തരം ആരോപണങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ.
'കേരളം വിട്ടാലെന്താകും ഭാരത് ജോഡോ യാത്ര എന്ന് ചോദിച്ചവരോട്... ഇത് മധ്യപ്രദേശ്, BJP ഭരിക്കുന്ന മധ്യപ്രദേശ്....' എന്നാണ് മധ്യപ്രദേശിൽ ജാഥക്ക് ലഭിക്കുന്ന വൻ ജനപിന്തുണയുടെ വിഡിയോ പങ്കുവെച്ച് രാഹുലിന്റെ ഫേസ്ബുക് പോസ്റ്റ്.
ജാഥയുടെ 82ാം ദിവസമായ ഇന്ന് മധ്യപ്രദേശിനെ ഇളക്കി മറിച്ചാണ് രാഹുൽ ഗാന്ധിയും അനുയായികളും കടന്നുപോകുന്നത്. ഇൻഡോറിൽ ഇന്നലെ രാത്രി നടന്ന പൊതുയോഗത്തിൽ പതിനായിരങ്ങൾ പങ്കെടുത്തു. ജനങ്ങളെ വെല്ലുവിളിച്ച് ജനഹിതം അട്ടിമറിക്കുന്നവരെ ജനം വെറുതേ വിടില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കുതിരക്കച്ചവട രാഷ്‌ട്രീയം നടത്തുന്ന ബി.ജെ.പിക്കെതിരെ അദ്ദേഹം ആഞ്ഞടിച്ചു.
തിങ്കളാഴ്ച രാവിലെ ചോവ്ര ബഡാ ഗണപതി ക്ഷേത്രത്തിനു സമീപത്തു തുടങ്ങിയ യാത്ര സൻവർ വൈഷ്ണോ യുണിവേഴ്സിറ്റി റോഡിൽ വിശ്രമിച്ചു. വൈകുന്നേരം മൂന്നരയ്ക്ക് ഉജ്ജെയിൻ ജെയിലിനു സമീപത്തുനിന്നാണ് പദയാത്ര പുനരാരംഭിച്ചത്. ആറരയ്ക്ക് തരാന ഗ്രാമത്തിലായിരുന്നു സമാപന സമ്മേളനം. സൻവറിലാണ് രാത്രി വിശ്രമം.
ഉത്തരേന്ത്യയലെ ശൈത്യകാലത്തെ അവഗണിച്ച് പതിനായിരങ്ങളാണ് അതിരാവിലെ തന്നെ യാത്രയിൽ അണിചേരുന്നതെന്ന് ജാഥാംഗങ്ങൾ പറഞ്ഞു. ഞായറാഴ്ച രാവിലെ ഇൻഡോറിലുണ്ടായ തിക്കിലും തിരക്കിലും നിലത്തുവീണ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പിക്ക് പരിക്കേറ്റിരുന്നു. ഉടൻ ക്യാംപിലേക്ക് മാറ്റി ഡോക്ടർമാർ പരിശോധിച്ചു. അധികം വൈകാതെ തന്നെ യാത്രയിൽ തിരികെ ചേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.