ബിനീഷ് കോടിയേരി: അന്വേഷണം ഡെബിറ്റ് കാർഡിനെ ചുറ്റിപ്പറ്റി
text_fieldsബംഗളൂരു: മയക്കുമരുന്ന് കടത്തിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിക്കെതിരായ അന്വേഷണം ഉൗർജിതമാക്കി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി). നവംബർ നാലിന് ബിനീഷിെൻറ തിരുവനന്തപുരത്തെ വീട്ടിൽ നടന്ന റെയ്ഡിനിടെ കണ്ടെടുത്ത ഡെബിറ്റ് കാർഡിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നീങ്ങുന്നത്. അനൂപിെൻറ ഉടമസ്ഥതയിലുള്ള ഡെബിറ്റ് കാർഡ് ഉപയോഗിച്ചിരുന്നത് ബിനീഷാണെന്നാണ് ഇ.ഡിയുടെ നിഗമനം.
അനൂപിെൻറ പ്രസ്തുത അക്കൗണ്ടിൽ ബിനീഷിെൻറ ഡ്രൈവർ അനികുട്ടൻ വൻതുക നിക്ഷേപിച്ചതായാണ് ബാങ്കിൽനിന്ന് ഇ.ഡിക്ക് ലഭിച്ച വിവരം. ഇതിെൻറ അടിസ്ഥാനത്തിൽ വരുംദിവസങ്ങളിൽ അനികുട്ടനെ ചോദ്യംചെയ്യും. അനൂപിെൻറ അക്കൗണ്ടിലെത്തിയ തുകയിൽ ഏഴുലക്ഷം രൂപ മാത്രം താൻ സംഘടിപ്പിച്ചു നൽകിയെന്നാണ് ബിനീഷ് ഇ.ഡിക്ക് നൽകിയ മൊഴി. എന്നാൽ, അനികുട്ടൻ നിക്ഷേപിച്ച ബാക്കി പണത്തിെൻറ സ്രോതസ്സ് വെളിപ്പെടുത്താൻ ബിനീഷ് തയാറായിട്ടില്ലെന്നും ഇതിെൻറ ഉറവിടമറിയാൻ ഡ്രൈവറെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇ.ഡി ബുധനാഴ്ച ബംഗളൂരു സിറ്റി സിവിൽ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
ബിനീഷ് കോടിയേരിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് എസ്. അരുൺ എന്നയാൾ വൻതുക നിക്ഷേപിച്ചതായും കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതിനിടെ ഇതുസംബന്ധിച്ച് തൃപ്തികരമായ മറുപടി നൽകിയിട്ടില്ലെന്നും ബിനീഷിെൻറ സാമ്പത്തിക ഇടപാടുകളുടെ വിശദ വിവരങ്ങൾക്കായി അരുണിനെയും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇ.ഡി ചൂണ്ടിക്കാട്ടുന്നു. ബിനീഷിനെതിരായ ഹവാല കേസിൽ തിരുവനന്തപുരത്തെ വീട്ടിലും ബിസിനസ് പങ്കാളികളുടെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയ ഇ.ഡി വിവരങ്ങൾ ശേഖരിച്ചിരുന്നു. ബിനീഷിെൻറ വീട്ടിൽനിന്ന് ഇ.ഡി കണ്ടെടുത്ത ഡിജിറ്റൽ തെളിവുകൾ വിശദപരിശോധനക്കായി ഫോറൻസിക് പരിശോധനക്ക് അയച്ചിട്ടുണ്ട്. 13 ദിവസം കസ്റ്റഡിയിൽ ചോദ്യം ചെയ്തിട്ടും ബിനീഷ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് ഇ.ഡി ആരോപിക്കുന്നത്.
ആരോഗ്യ കാരണം പറഞ്ഞ് ചോദ്യംചെയ്യലിൽനിന്ന് ഒഴിവാകാനാണ് ശ്രമിച്ചതെന്നും ബിനീഷിെൻറയും അനൂപിെൻറയും ബിനാമികളുടെയും പേരിൽ കേരളത്തിൽ നടന്നിട്ടുള്ള വൻ തുകയുടെ ഇടപാട് സംബന്ധിച്ച് വിശദ അന്വേഷണം നടത്തണമെന്നും ഇ.ഡി കോടതിയെ അറിയിച്ചിട്ടുണ്ട്. ബിനീഷിെൻറ ബിനാമിയെന്ന് ഇ.ഡി വിശേഷിപ്പിക്കുന്ന തിരുവനന്തപുരം സ്വദേശി അബ്ദുൽ ലത്തീഫിനായി പലതവണ സമൻസ് അയച്ചെങ്കിലും ഇയാളെ ചോദ്യം ചെയ്യാനായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.