70 വർഷമായി ഐ.എസ്.ഐ ചെയ്യാൻ ആഗ്രഹിച്ചത് മൂന്ന് വർഷം കൊണ്ട് ബി.ജെ.പി ചെയ്തു -കെജ്രിവാൾ
text_fieldsന്യൂഡൽഹി: മോദി സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. 70 വർഷവുമായി പാക് ചാരസംഘടന ഐ.എസ്.ഐക്ക് ചെയ്യാനാവാത്ത കാര്യങ്ങൾ ബി.ജെ.പി സർക്കാർ മൂന്ന് വർഷം കൊണ്ട് നടപ്പാക്കിയെന്ന് അദ്ദേഹം പറഞ്ഞു. ആം ആദ്മി പാർട്ടിയുടെ അഞ്ചാം വാർഷിക ആഘോഷ വേളയിൽ ആയിരങ്ങളെ അഭിസംബോധന ചെയ്യവെയാണ് കെജ്രിവാൾ ഇക്കാര്യം പറഞ്ഞത്.
ഇന്ത്യയിലെ മുസ്ലിംകളെയും ഹിന്ദുക്കളെയും തമ്മിൽ വേർത്തിരിക്കുകയെന്നതായിരുന്നു പാകിസ്താന്‍റെ എക്കാലത്തെയും വലിയ ആഗ്രഹം. ഇത്തരം പ്രവർത്തികൾ ചെയ്യുന്നവരെല്ലാം ഐ.എസ്.ഐ ഏജന്‍റുമാരാണ്. അവർ ദേശീയതയുടെ മുഖംമൂടിയണിഞ്ഞ് നിൽക്കുന്ന രാജ്യദ്രോഹികളാണ്. അവർക്ക് നമ്മുടെ രാജ്യത്തെ ഇല്ലാതാക്കാനാണ് താൽപര്യമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന് സംഭവിച്ചതുതന്നെ ബി.ജെ.പിക്കും സംഭവിക്കും. അഴിമതിയുടെ കാര്യത്തിൽ ബി.ജെ.പിയുടെ പ്രവർത്തനങ്ങൾ കോൺഗ്രസിനെപ്പോലെ തന്നെയാണ്. വ്യാപം, റാഫേൽ അഴിമതി, ബിർല, സഹാറ ഡയറി എന്നിവ ഇക്കാര്യമാണ് വ്യക്തമാക്കുന്നത്. കോൺഗ്രസിനെ പിഴുതെറിഞ്ഞതുപോലെ ബി.ജെ.പിയുടെ സമയവും അടുത്തുകഴിഞ്ഞുവെന്നും കെജ്രിവാൾ പറഞ്ഞു.
അഴിമതിക്കെതിരായ ഡൽഹി സർക്കാറിന്‍റെ പ്രവർത്തനങ്ങളെ അവർ ദുർബലപ്പെടുത്തുകയാണ്. എങ്കിലും ഡൽഹിയിൽ കഴിഞ്ഞ 70 വർഷമായി ഒരു സർക്കാരിനും കഴിയാത്ത രീതിയിലാണ് എ.എ.പി പ്രവർത്തിക്കുന്നത്. ഡൽഹിയിൽ കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിക്കും, സൗജന്യമായി കുടിവെള്ളം ലഭിക്കും, ആശുപത്രികളിൽ സൗജന്യ മരുന്നും പരിശോധനയും ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.