തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ്: ബി.ജെ.പി സഖ്യസാധ്യത തള്ളാതെ അണ്ണാ ഡി.എം.കെ
text_fieldsചെന്നൈ: 2026ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി സഖ്യസാധ്യതയുണ്ടെന്ന് സൂചന നൽകി അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി.
ബി.ജെ.പി തമിഴ്നാട് അധ്യക്ഷ പദവിയിൽ കെ. അണ്ണാമലൈ തുടരുന്നിടത്തോളം മുന്നണി ബന്ധത്തിനില്ലെന്ന് ലോക്സഭ തെരഞ്ഞെടുപ്പ് വേളയിൽ അണ്ണാ ഡി.എം.കെ നേതൃത്വം പ്രഖ്യാപിച്ചിരുന്നു. മുൻ മുഖ്യമന്ത്രിമാരായ സി.എൻ അണ്ണാദുരൈ, ജയലളിത തുടങ്ങിയവരെ അണ്ണാമലൈ രൂക്ഷമായി വിമർശിച്ചതിനെ തുടർന്നാണ് അത്തരമൊരു തീരുമാനമെടുത്തത്. ന്യൂനപക്ഷ വോട്ടുകൾ ഡി.എം.കെ മുന്നണിയിലേക്ക് ഒഴുകുന്നത് തടയുകയെന്ന രാഷ്ട്രീയ തന്ത്രവും ഇതിനു പിന്നിലുണ്ട്.
നടൻ വിജയ് തമിഴക വെട്രി കഴകം(ടി.വി.കെ) രൂപവത്കരിച്ച് രംഗത്തെത്തിയതോടെ ഉണ്ടായ തമിഴക രാഷ്ട്രീയ സമവാക്യങ്ങളിലെ മാറ്റമാണ് അണ്ണാ ഡി.എം.കെയെ ബി.ജെ.പി സഖ്യത്തിന് പ്രേരിപ്പിക്കുന്നത്. അണ്ണാ ഡി.എം.കെയുമായി വിജയ് സഖ്യമുണ്ടാക്കില്ലെന്ന് തെരഞ്ഞെടുപ്പ് ഉപദേഷ്ടാവായ പ്രശാന്ത് കിഷോറും പ്രസ്താവിച്ചിരുന്നു. അതിനിടെയാണ് അണ്ണാ ഡി.എം.കെ മുതിർന്ന നേതാവും എടപ്പാടി പളനിസാമിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനുമായ മുൻ മന്ത്രി എസ്.പി വേലുമണി കോയമ്പത്തൂരിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഹ്രസ്വ ചർച്ച നടത്തിയത്. വേലുമണിയുടെ മകന്റെ വിവാഹ ചടങ്ങിൽ അണ്ണാമലൈ ഉൾപ്പെടെ തമിഴക ബി.ജെ.പി നേതാക്കൾ പങ്കെടുത്തതും ചർച്ചയായിരുന്നു.
ഈ നിലയിലാണ് ചൊവ്വാഴ്ച ബി.ജെ.പി ബന്ധത്തെക്കുറിച്ച് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് തങ്ങളുടെ മുഖ്യശത്രു ഡി.എം.കെയാണെന്നും സംസ്ഥാന ഭരണത്തിലെ കരുണാനിധി കുടുംബവാഴ്ച അവസാനിപ്പിക്കുകയാണ് മുഖ്യലക്ഷ്യമെന്നും വോട്ടുകൾ ചിതറാതിരിക്കാൻ ശ്രദ്ധിക്കുമെന്നും എടപ്പാടി പളനിസാമി പറഞ്ഞത്. ബി.ജെ.പിയുമായി സഖ്യമുണ്ടാവില്ലെന്ന കടുത്ത നിലപാടാണ് ഇതേവരെ എടപ്പാടി പളനിസാമി സ്വീകരിച്ചിരുന്നത്. ഡി.എം.കെ സർക്കാറിനെതിരായ ജനങ്ങളുടെ അസംതൃപ്തി വർധിച്ചുവരുകയാണെന്നും സംസ്ഥാനത്ത് രാജവാഴ്ച ഇല്ലായ്മ ചെയ്യുകയാണ് തങ്ങളുടെയും ലക്ഷ്യമെന്ന് അണ്ണാമലൈയും പ്രതികരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.