മുഖ്യമന്ത്രി സ്ഥാനാർഥിയെച്ചൊല്ലി ബി.ജെ.പി-അണ്ണാ ഡി.എം.കെ തർക്കം രൂക്ഷം
text_fieldsചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനാർഥിയെച്ചൊല്ലി ബി.ജെ.പിയും അണ്ണാ ഡി.എം.കെയും തമ്മിലുള്ള തർക്കം തുടരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് എൻ.ഡി.എ യോഗം ചേർന്നതിനുശേഷം മാത്രമേ മുഖ്യമന്ത്രി സ്ഥാനാർഥിയെ തീരുമാനിക്കുകയുള്ളൂവെന്ന് ബി.ജെ.പി തമിഴ്നാട് ഘടകത്തിെൻറ ചുമതല വഹിക്കുന്ന അഖിലേന്ത്യ സെക്രട്ടറി സി.ടി രവി ബുധനാഴ്ച പ്രസ്താവിച്ചതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
അരിയല്ലൂരിൽ വാർത്തസമ്മേളനത്തിലാണ് ബി.ജെ.പി നിലപാട് ആവർത്തിച്ചത്. അണ്ണാ ഡി.എം.കെയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി എടപ്പാടി പളനിസാമിയെ നേരത്തേ തന്നെ പ്രഖ്യാപിച്ചതായും പാർട്ടി പ്രചാരണവുമായി മുന്നോട്ടുപോവുകയാണെന്നും പാർട്ടി കോഒാഡിനേറ്ററും ഉപമുഖ്യമന്ത്രിയുമായ ഒ.പന്നീർസെൽവം തിരിച്ചടിച്ചു.
ബി.ജെ.പിയും അണ്ണാ ഡി.എം.കെയും ഉൾപ്പെട്ട എൻ.ഡി.എ സഖ്യത്തിെൻറ മുഖ്യമന്ത്രി സ്ഥാനാർഥിയെ ബി.ജെ.പി കേന്ദ്ര നേതൃത്വമാണ് പ്രഖ്യാപിക്കുകയെന്ന ബി.ജെ.പി തമിഴ്നാട് നേതാക്കളുടെ പ്രസ്താവന നേരത്തേ വിവാദമായിരുന്നു. തമിഴ്നാട്ടിൽ മുന്നണിഭരണമാണുണ്ടാവുകയെന്നും എച്ച്.രാജ ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾ സംസ്ഥാന മന്ത്രിമാരാവുമെന്നും സംസ്ഥാന നേതാക്കൾ പ്രസ്താവിച്ചതും അണ്ണാ ഡി.എം.കെയെ പ്രകോപിപ്പിച്ചു. എന്നാൽ, ഇൗ അവകാശവാദങ്ങളെല്ലാം തള്ളിയ അണ്ണാ ഡി.എം.കെ തമിഴ്നാട്ടിൽ മുന്നണിഭരണമുണ്ടാവില്ലെന്നും എടപ്പാടി പളനിസാമിയാണ് തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെന്നും വ്യക്തമാക്കി.
അതിനിടെ മുഖ്യമന്ത്രി എടപ്പാടി പളനിസാമി തെരഞ്ഞെടുപ്പ് പര്യടനവുമായി രംഗത്തിറങ്ങിയതിനെച്ചൊല്ലിയും മുന്നണിക്കകത്ത് മുറുമുറുപ്പ് ഉയർന്നിട്ടുണ്ട്. ബി.ജെ.പി, ഡി.എം.ഡി.കെ, പാട്ടാളി മക്കൾ കക്ഷി തുടങ്ങിയ സഖ്യകക്ഷികളെ പെങ്കടുപ്പിക്കാതെ ഏകപക്ഷീയമായ പ്രചാരണ പ്രവർത്തനങ്ങളുമായി അണ്ണാ ഡി.എം.കെ മുന്നോട്ടുപോവുന്നതാണ് ഇതിന് കാരണമായത്. ഡി.എം.കെ അധ്യക്ഷൻ എം.കെ.സ്റ്റാലിനും മകൻ ഉദയ്നിധിയും മക്കൾ നീതിമയ്യം പ്രസിഡൻറ് കമൽഹാസനും വളരെ നേരത്തേതന്നെ തെരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.