ബി.ജെ.പി നേതാവിന്‍റെ പരാമർശം: സമാധാന യോഗം അലസിപ്പിരിഞ്ഞു
text_fieldsന്യൂഡൽഹി: ഹനുമാൻ ജയന്തി ഘോഷയാത്ര സംഘർഷത്തിൽ കലാശിച്ച ഡൽഹി ജഹാംഗീർപുരിയിൽ ഇരു സമുദായങ്ങൾക്കിടയിൽ സമാധാനം പുനഃസ്ഥാപിക്കാൻ വിളിച്ചുചേർത്ത യോഗം അലസിപ്പിരിഞ്ഞു. ബംഗ്ലാദേശി മുസ്ലിംകൾ പ്രദേശത്ത് താമസം തുടങ്ങിയതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ബി.ജെ.പി നേതാവ് ആരോപിച്ചതാണ് അലസിപ്പിരിയലിന് കാരണമായത്.
മഹേന്ദർ പാർക്, ജഹാംഗീർപുരി, ആദർശ് നഗർ എന്നിവിടങ്ങളിലെ 'അമൻ കമ്മിറ്റി' (സമാധാന കമ്മിറ്റി) അംഗങ്ങളുമായി ചർച്ച നടത്താൻ പൊലീസ് ഡെപ്യൂട്ടി കമീഷണർ ഉഷ രംഗ്നാനിയുടെ നേതൃത്വത്തിലാണ് ഡൽഹി പൊലീസ് യോഗം വിളിച്ചത്. ഊഹങ്ങൾ പ്രചരിപ്പിക്കുന്നതിൽനിന്ന് ഇരുസമുദായങ്ങളിലുമുള്ളവർ വിട്ടുനിൽക്കണമെന്നും നിഷ്പക്ഷമായും നീതിപൂർവകമായും പൊലീസ് അന്വേഷിക്കുമെന്നും ഉഷ പറഞ്ഞു. ലഹളക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അവർ പറഞ്ഞു.
തനിക്ക് സംസാരിക്കാൻ അവസരം നൽകണമെന്ന ബി.ജെ.പി കൗൺസിലർ ഗരിമ ഗുപ്തയുടെ ആവശ്യം പൊലീസ് തള്ളിയെങ്കിലും അവർ സംസാരിച്ചു തുടങ്ങുകയായിരുന്നു. ഹിന്ദുക്കളും മുസ്ലിംകളും ഇവിടെ സമാധാനത്തോടെ ഒരുമിച്ചാണ് കഴിയുന്നതെന്ന് പറഞ്ഞ ഗരിമ തുടർന്ന് ബംഗ്ലാദേശി മുസ്ലിംകൾ പ്രദേശത്ത് താമസം തുടങ്ങിയതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ആരോപിച്ചതോടെ ഉഷ രംഗ്നാനി ഇടപെട്ടു. വിഷയത്തിൽനിന്ന് വഴിതെറ്റിക്കുന്ന സംസാരമാണിതെന്ന് പറഞ്ഞ് അവർ യോഗം അവസാനിപ്പിച്ചു. എല്ലാവരും അവരവരുടെ പ്രദേശങ്ങളിലേക്ക് പിരിഞ്ഞുപോകണമെന്നും സമാധാനം കാത്തുസൂക്ഷിക്കണമെന്നും ഉഷ രംഗ്നാനി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.