രാജസ്ഥാൻ തെരഞ്ഞെടുപ്പിൽ ബി.ജെ.പി മോദിയെ ഉയർത്തിക്കാട്ടുന്നത് പ്രവർത്തകരെ കൊണ്ട് ജയിക്കാൻ കഴിയില്ലെന്ന ഉറപ്പുള്ളതിനാൽ - അശോക് ഗെഹ്‌ലോട്ട്
text_fieldsജയ്പൂർ: വിശ്വഗുരുവായ നരേന്ദ്ര മോദിയെ മുൻനിർത്തി രാജസ്ഥാനിൽ ബി.ജെ.പി ഭരണം പിടിക്കാനിറങ്ങുന്നത് എന്തിനാണെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. സംസ്ഥാനത്ത് ഭരണം പിടിച്ചെടുക്കാൻ കഴിയില്ലെന്ന ഉറപ്പുള്ളതു കൊണ്ടാണ് രാജസ്ഥാനിൽ മോദിയെ മുൻനിർത്തി തെരഞ്ഞെടുപ്പിനെ നേരിടാൻ ബി.ജെ.പി ശ്രമിക്കുന്നത്. സംസ്ഥാനത്തെ ബി.ജെ.പി പ്രവർത്തകർ മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നതെന്നും പാർട്ടിക്ക് വേണ്ടിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'മോദി ഒരു അന്താരാഷ്ട്ര നായകനും വിശ്വഗുരുവും ഒക്കെയല്ലേ. അങ്ങനെയൊരാളെ ഒരു സംസ്ഥാന തെരഞ്ഞെടുപ്പിൽ ഇത്രയധികം പ്രാധാന്യത്തോടെ പരാമർശിക്കുന്നത് എന്തിനാണ്? മോദിക്ക് പകരം പാർട്ടി എന്തുകൊണ്ടാണ് സംസ്ഥാനത്തെ മുൻ മുഖ്യമന്ത്രി വസുന്ധര രാജയെ കുറിച്ച് പരാമർശിക്കാത്തതും അവരുടെ പേര് പറഞ്ഞ് വോട്ട് ചോദിക്കാത്തതും? അവരിപ്പോൾ വീട്ടിലിരിക്കുകയാണ്. ബി.ജെ.പി അവരെ വീട്ടിലിരുത്തിയതാകാം' - ഗെഹ്‌ലോട്ട് പറഞ്ഞു.
2020ൽ തന്‍റെ സർക്കാർ രാഷ്ട്രീയ പ്രതിസന്ധി നേരിട്ടപ്പോൾ തന്നെ അനുകൂലിച്ചതിന് അവരെ ഇപ്പോഴും ബി.ജെപി കുറ്റപ്പെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'വസുന്ധര രാജ എന്‍റെ സർക്കാരിനെ രക്ഷിച്ചിട്ടില്ല. വസുന്ധര രാജയും കൈലാഷ് മേഘ്വാളും സംസ്ഥാനത്ത് ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിച്ച് ഭരണം പിടിക്കുന്ന സമ്പ്രദായം നിലനിൽക്കുന്നില്ല എന്ന അവരുടെ കാഴ്ചപ്പാടിനെ മാത്രമാണ് അനുകൂലിച്ചത്. അവർ പറഞ്ഞത് ഞാൻ അംഗീകരിച്ചു' ഗെഹ്‌ലോട്ട് കൂട്ടിച്ചേർത്തു.
അതേസമയം സംസ്ഥാനത്തെ ഇ.ഡി. ഉദ്യോഗസ്ഥർക്കെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതുമെന്ന് ഗെഹ്‌ലോട്ട് പറഞ്ഞു. സഞ്ജീവനി ക്രെഡിറ്റ് കോ-ഓപറേറ്റീവ് സൊസൈറ്റി കേസിൽ ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ ഗജേന്ദർ സിംഗ് ഷെഖാവത്തിനെതിരെ അന്വേഷണം നടത്തണമെന്ന സംസ്ഥാന സർക്കാരിന്‍റെ ആവശ്യം ഉദ്യോഗസ്ഥർ അനുസരിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
2023 അവസാനത്തോടെയായിരിക്കും രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.