തെരഞ്ഞെടുപ്പ് വിജയം രാജ്യത്തെ കൊള്ളയടിക്കാനുള്ള ലൈസൻസായി ബി.ജെ.പി ഉപയോഗിക്കുന്നു -ഖുർഷിദ്
text_fieldsഗുവാഹത്തി: അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുൻ കേന്ദ്രമന്ത്രി സൽമാൻ ഖുർഷിദ്. തെരഞ്ഞെടുപ്പ് വിജയം രാജ്യത്തെയും ജനങ്ങളെയും കൊള്ളയടിക്കാനുള്ള ലൈസൻസായി പാർട്ടി ഉപയോഗിക്കുന്നുവെന്ന് ഖുർഷിദ് പറഞ്ഞു.
വിലക്കയറ്റത്തിനെതിരെ കോൺഗ്രസ് പാർട്ടിയുടെ രാജ്യവ്യാപക പ്രചാരണത്തിന്റെ ഭാഗമായി വാർത്താമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവ്. കുതിച്ചുയരുന്ന നിരക്ക് പരിശോധിക്കാൻ കേന്ദ്രം ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.
''സർക്കാർ എല്ലാ ദിവസവും രാവിലെ ജനങ്ങൾക്ക് പെട്രോളിന്റെയും ഡീസലിന്റെയും വിലക്കയറ്റം സമ്മാനമായി നൽകുന്നു'' -അദ്ദേഹം പരിഹസിച്ചു. 16 ദിവസത്തിനിടെ ഇന്ത്യയിലുടനീളം പെട്രോളിനും ഡീസലിനും ലിറ്ററിന് 10 രൂപയാണ് വർധിച്ചത്.
2014ൽ ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ അധികാരത്തിൽ വന്നതിനുശേഷം ഡീസലിന് 531 ശതമാനവും പെട്രോളിന് 203 ശതമാനവും എക്സൈസ് തീരുവ വർധിപ്പിച്ചിട്ടുണ്ടെന്നും മുതിർന്ന നേതാവ് പറഞ്ഞു.
പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ വർധിപ്പിച്ചതിലൂടെ മാത്രം എട്ടുവർഷത്തിനിടെ 26 ലക്ഷം കോടി രൂപയാണ് മോദി സർക്കാർ സമ്പാദിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.
പാചക വാതകത്തിന്റെ വില വർധനയും ദേശീയ പാതകളിലെ ടോൾ നികുതി വർദ്ധനയും ജനങ്ങളുടെ പോക്കറ്റിലെ ദ്വാരമാണെന്നും അദ്ദേഹം പറഞ്ഞു.
"മോദി സർക്കാർ രോഗികളെയും വെറുതെ വിട്ടില്ല. നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി (എൻ.പി.പി.എ) ഏപ്രിൽ ഒന്നുമുതൽ 800 ഓളം അവശ്യ മരുന്നുകളുടെ വിലയിൽ 10.76 ശതമാനം വർധനവ് പ്രഖ്യാപിച്ചിട്ടുണ്ട്" -അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.