വരന് ലക്ഷങ്ങൾ ശമ്പളം, പക്ഷേ സർക്കാർ ജോലിയല്ല; വിവാഹവേദിയിൽ നിന്ന് വധു ഇറങ്ങിപ്പോയി
text_fieldsസർക്കാർ ജോലി ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഡിമാൻഡുള്ള ജോലിയായി മാറിയിരിക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. വിവാഹത്തിന്‍റെ കാര്യത്തിൽ സർക്കാർ ജോലിയുള്ളവർക്ക് വലിയ മുൻഗണനയാണ്. ഇതുമായി ബന്ധപ്പെട്ടുള്ള നിരവധി വാർത്തകളുമുണ്ട്. അത്തരത്തിൽ, വരന് സർക്കാർ ജോലിയല്ലാത്തതിനാൽ വിവാഹം മുടങ്ങിയ വാർത്ത പുറത്തുവന്നിരിക്കുകയാണ് യു.പിയിൽ നിന്ന്.
യു.പിയിലെ ഫറൂഖാബാദിലാണ് സംഭവം. മാസം 1.2 ലക്ഷം രൂപ ശമ്പളം വാങ്ങുന്ന എൻജിനീയറാണ് ഛത്തീസ്ഗഢ് സ്വദേശിയായ വരൻ. സ്വകാര്യ കമ്പനിയിലാണ് ഇയാൾ ജോലി ചെയ്യുന്നത്. എന്നാൽ, നവവധു കരുതിയത് പ്രതിശ്രുത വരന് സർക്കാർ ജോലിയാണെന്നായിരുന്നു. വിവാഹചടങ്ങുകൾക്കിടെയാണ് ഭർത്താവാകാൻ പോകുന്നയാൾക്ക് സർക്കാർ ജോലിയല്ലെന്ന വിവരം യുവതി അറിഞ്ഞത്. ഇതോടെ വിവാഹത്തിന് താൻ ഒരുക്കമല്ലെന്ന് യുവതി നിലപാടെടുത്തു.
ഇരു കുടുംബങ്ങളും വധുവിനെ തീരുമാനത്തിൽ നിന്ന് മാറ്റാൻ പരമാവധി ശ്രമിച്ചു. ഏക്കറുകണക്കിന് സ്ഥലവും മറ്റ് വരുമാന മാർഗങ്ങളുമെല്ലാം വരനുണ്ട് എന്ന് അറിയിച്ചിട്ടും വധു കടുംപിടുത്തം തുടർന്നു. സ്വകാര്യ കമ്പനിയിൽ നിന്ന് തനിക്ക് 1.2 ലക്ഷം ശമ്പളം കിട്ടുന്നതിന്‍റെ സാലറി സർട്ടിഫിക്കറ്റ് വരെ വധുവിന് വാട്സാപ്പിൽ അയച്ചുകൊടുത്തു. എന്നിട്ടും ഫലമുണ്ടായില്ല.
സർക്കാർ ജോലിയുള്ളയാളെ മാത്രമേ വിവാഹം ചെയ്യൂവെന്ന് വധു ഉറപ്പിച്ച് പറഞ്ഞതോടെ വരനും കൂട്ടർക്കും നിരാശയോടെ മടങ്ങേണ്ടിവന്നു. ഒടുവിൽ ഇരുകൂട്ടരും ചർച്ച ചെയ്ത് അതുവരെയുള്ള വിവാഹ ചെലവുകൾ പങ്കിട്ടെടുക്കാൻ ധാരണയായി. പൊലീസിൽ പരാതി നൽകേണ്ടെന്നും തീരുമാനിച്ച് കുടുംബങ്ങൾ പിരിയുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.