സി.ബി ഐയും ഇ.ഡിയും പ്രചാരണോപാധി -കെ.സി.വേണുഗോപാൽ
text_fieldsസുൽത്താൻ ബത്തേരി: ഇ.ഡി, സി.ബി.ഐ, ആദായ നികുതി വകുപ്പ് തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ തെരഞ്ഞെടുപ്പ് പ്രചാരണോപാധിയാക്കി കേന്ദ്രസര്‍ക്കാര്‍ മാറ്റിയെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. സുൽത്താൻ ബത്തേരിയില്‍ കെ.പി.സി.സി ദ്വിദിന നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചില ദേശീയ മാധ്യമങ്ങള്‍ വര്‍ഗീയവത്കരിക്കുക, വിഭജിക്കുക എന്ന ബി.ജെ.പി അജണ്ട നടപ്പാക്കുന്ന ഏജന്‍സികളായാണ് പ്രവര്‍ത്തിക്കുന്നത്. പ്രതിപക്ഷ ഐക്യം പോലും സാധ്യമാകാതെ പോകുന്നത് കേന്ദ്ര ഏജന്‍സികളുടെ ഇടപെടല്‍ മൂലമാണ്. കർണാടകയില്‍ മുഴുവന്‍ കോണ്‍ഗ്രസ് സ്ഥാനാർഥികളുടെയും വീട് റെയ്ഡ് ചെയ്തപ്പോള്‍ ബി.ജെ.പി സ്ഥാനാർഥികളെ തൊട്ടില്ല.
ബി.ജെ.പിയെയും സി.പി.എമ്മിനെയും പോലെ സമ്പത്ത് സമാഹരിച്ച മറ്റു പാര്‍ട്ടികളില്ല. സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ ഒത്തുതീര്‍പ്പ് നടക്കുന്നതും കേരളത്തിലാണ്. എന്നാല്‍, കോണ്‍ഗ്രസിന്റെ മുഖ്യശത്രു ദേശീയതലത്തില്‍ ബി.ജെ.പിയാണ്. മണിപ്പൂരില്‍ ക്രൈസ്തവര്‍ക്കെതിരെ വലിയ തോതിലുള്ള ആക്രമണം നടക്കുമ്പോള്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും കർണാടകയില്‍ റോഡ് ഷോ നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്, വയനാട് ഡി.സി.സി പ്രസിഡൻറ് എൻ.ഡി. അപ്പച്ചൻ എന്നിവര്‍ സംസാരിച്ചു. താനൂര്‍ ബോട്ടപകടത്തില്‍ മരിച്ചവരോടുള്ള ആദരസൂചകമായി മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയി പ്രമേയം അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.