അദാനിക്കെതിരെ അമേരിക്കയുടെ സമൻസോ വാറന്റോ കിട്ടിയില്ല -കേന്ദ്രം
text_fieldsന്യൂഡൽഹി: ഗൗതം അദാനിക്കെതിരായ അമേരിക്കയുടെ വാറന്റോ സമൻസോ ഇന്ത്യക്ക് ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര വിദേശ മന്ത്രാലയം വ്യക്തമാക്കി. സ്വകാര്യ വ്യക്തികളും സ്വകാര്യസ്ഥാപനങ്ങളും യു.എസ് ജസ്റ്റിസ് ഡിപ്പാർട്ടുമെന്റും ഉൾപ്പെട്ട നിയമവിഷയമാണിതെന്നും മന്ത്രാലയത്തിന്റെ വക്താവ് രൺധീർ ജയ്സ്വാൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇതാദ്യമായാണ് ഗൗതം അദാനി വിഷയത്തിൽ ഇന്ത്യ ഔദ്യോഗികമായി പ്രതികരിക്കുന്നത്.
നിയമ നടപടികളിലെ പരസ്പര സഹകരണത്തിന്റെ അടിസ്ഥാനത്തിൽ ലഭിക്കുന്ന സമൻസും വാറന്റും അതിന്റെ അർഹത നോക്കിയാണ് പരിഗണിക്കുക. അമേരിക്കൻ ഭാഗത്തുനിന്ന് അത്തരമൊരു അപേക്ഷ ഇനിയും ലഭിച്ചിട്ടില്ലെന്നും ജയ്സ്വാൾ പറഞ്ഞു.
കൈക്കൂലിക്കും വഞ്ചനക്കും അമേരിക്കൻ കോടതി കുറ്റം ചുമത്തി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച അദാനിയെ അറസ്റ്റ് ചെയ്യണമെന്നും അദാനി ഗ്രൂപ്പിന്റെ തട്ടിപ്പുകൾക്കെതിരെ സംയുക്ത പാർലമെന്ററി സമിതി (ജെ.പി.സി) അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഇൻഡ്യ സഖ്യം ഒരാഴ്ചയായി പാർലമെന്റ് നടപടികൾ സ്തംഭിപ്പിക്കുന്നതിനിടയിലാണ് വിദേശ മന്ത്രാലയ വക്താവിന്റെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്.
പാർലമെന്റിൽ അദാനിയെ ലക്ഷ്യമിട്ട് രാഹുൽ ഗാന്ധി നയിക്കുന്ന ആക്രമണത്തിൽ തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ അടക്കമുള്ള ഘടക കക്ഷികൾ വിട്ടുനിൽക്കുകയും കോൺഗ്രസിനകത്ത് തന്നെ ഭിന്നാഭിപ്രായമുണ്ടാകുകയും ചെയ്തിട്ടുണ്ട്. ഇതിനെത്തുടർന്ന് അടുത്ത തിങ്കളാഴ്ച മുതൽ അദാനി വിഷയം ഉന്നയിക്കുന്നത് അവസാനിപ്പിക്കാനുള്ള ചർച്ച പ്രതിപക്ഷത്തും സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.