പി.എം.കെയിൽ പൊട്ടിത്തെറി: ഡോ. അൻപുമണി രാമദാസും പിതാവും തമ്മിൽ വാക്കേറ്റം
text_fieldsചെന്നൈ: എൻ.ഡി.എ ഘടകകക്ഷിയായ പാട്ടാളി മക്കൾ കക്ഷി (പി.എം.കെ) ജനറൽ കൗൺസിൽ വേദിയിൽ പാർട്ടി പ്രസിഡന്റ് ഡോ. അൻപുമണി രാമദാസും പിതാവും സ്ഥാപക പ്രസിഡന്റുമായ ഡോ. എസ്. രാമദാസും തമ്മിൽ വാക്കേറ്റം. ഇതോടെ പ്രവർത്തകർ ചേരിതിരിഞ്ഞ് ബഹളംവെച്ചത് സംഘർഷത്തിനിടയാക്കി. ശനിയാഴ്ച പുതുച്ചേരിയിൽ ചേർന്ന യോഗത്തിലാണ് സംഭവം. 2026ലെ നിയമസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ മുൻ കേന്ദ്രമന്ത്രി കൂടിയായ ഡോ. അൻപുമണി രാമദാസാണ് യോഗം വിളിച്ചത്.
നിർണായകമായ ഈ തെരഞ്ഞെടുപ്പിൽ 50 സീറ്റുകളിലെങ്കിലും വിജയം ഉറപ്പാക്കണമെന്നും ഇതിനായി അൻപുമണി രാമദാസിനെ സഹായിക്കാൻ പരശുരാമൻ മുകുന്ദനെ പാർട്ടി യുവജന സംഘടന അധ്യക്ഷനായി നിയമിക്കുന്നതായും സ്ഥാപക പ്രസിഡന്റ് ഡോ. എസ്. രാമദാസ് പ്രഖ്യാപിച്ചു. ഇതിനെ ഡോ. അൻപുമണി രാമദാസ് എതിർത്തു. നാലു മാസം മുമ്പ് പാർട്ടിയിൽ ചേർന്ന പരശുരാമനെ ഉയർന്ന പദവിയിൽ അവരോധിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, തന്റെ തീരുമാനം അംഗീകരിക്കാത്തവർക്ക് പാർട്ടി വിട്ടുപോകാമെന്നും രാമദാസ് അറിയിച്ചു. തുടർന്ന് താൻ പനയൂരിൽ പുതിയ പാർട്ടി ഓഫിസ് തുറന്നിട്ടുണ്ടെന്നും തന്നെ ബന്ധപ്പെടാൻ ആഗ്രഹിക്കുന്നവർക്ക് അവിടെ വരാമെന്നും ഡോ. അൻപുമണി അറിയിച്ചു. ഇതിനിടെ പ്രവർത്തകർ ചേരിതിരിഞ്ഞ് പിതാവിനും മകനും അനുകൂലമായി മുദ്രാവാക്യം വിളിച്ചത് സംഘർഷത്തിനിടയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.