വിദൂര വോട്ട് പദ്ധതിയുമായി കമീഷൻ; വിശദീകരണം തേടി സഭാ സമിതി
text_fieldsന്യൂഡൽഹി: വോട്ടുയന്ത്ര തിരിമറി വിവാദമായി നിൽക്കുന്നതിനിടെ വിദൂര വോട്ട് സമ്പ്രദായം അടക്കം പുതിയ പരിഷ്കരണ പദ്ധതി തയാറാക്കുന്ന തെരഞ്ഞെടുപ്പു കമീഷനിൽനിന്ന് വിശദാംശം തേടാൻ പാർലമെൻറ് സമിതി ഒരുങ്ങുന്നു. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ വിദൂര വോട്ട് സമ്പ്രദായം കൊണ്ടുവരുന്നതിെൻറ സാധ്യത കമീഷൻ ചർച്ച ചെയ്യുന്നുണ്ടെങ്കിലും, മുൻ മുഖ്യ തെരഞ്ഞെടുപ്പു കമീഷണർമാർ അടക്കമുള്ളവർ എതിർപ്പു പ്രകടിപ്പിച്ചിരിക്കേയാണ് സമിതിയുടെ ഇടപെടൽ.
ബിഹാർ മുൻഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ സുശീൽ മോദി അധ്യക്ഷനായ പാർലമെൻറിെൻറ നിയമകാര്യ സമിതിയാണ് മുതിർന്ന തെരഞ്ഞെടുപ്പു കമീഷൻ ഉദ്യോഗസ്ഥരെ വിളിപ്പിക്കാൻ ഒരുങ്ങുന്നത്. വിദൂര വോട്ട് സമ്പ്രദായത്തിനു പുറമെ വോട്ടർ തിരിച്ചറിയൽ കാർഡും ആധാറുമായി ബന്ധിപ്പിക്കൽ, പഞ്ചായത്തിലേക്ക് അടക്കം എല്ലാ തെരഞ്ഞെടുപ്പിലേക്കും ഒറ്റ വോട്ടർപട്ടിക തുടങ്ങിയ കമീഷെൻറ പരിഷ്കരണ നടപടി നിർദേശങ്ങളും ചർച്ചയാകും.
വോട്ടുള്ള മണ്ഡലത്തിൽ വോട്ടെടുപ്പു ദിവസം ഇല്ലെങ്കിലും, വിദൂരത്തിരുന്ന് വോട്ടു ചെയ്യാൻ വോട്ടുയന്ത്രത്തിൽ സജ്ജീകരണം കൊണ്ടുവരുന്നതിനാണ് തെരഞ്ഞെടുപ്പു കമീഷൻ പദ്ധതി. വോട്ടെടുപ്പു ദിവസം വോട്ടർക്ക് തൊട്ടടുത്ത പോളിങ് കേന്ദ്രത്തിൽ എത്തിയാൽ, ബാർ കോഡ് അടക്കം പ്രത്യേക തിരിച്ചറിയൽ നടപടി ക്രമങ്ങളിലൂടെ വോട്ടു ചെയ്യാൻ അവസരം നൽകും. ഈ വോട്ടു വിവരം പിന്നീട് ബന്ധപ്പെട്ട മണ്ഡലത്തിലേക്ക് എത്തിച്ചു കൊടുക്കും. തപാൽ വോട്ടിെൻറ പുതിയ രൂപമായി ഇതിനെ കമീഷൻ കാണുന്നു.
ഈ സംവിധാനം വികസിപ്പിക്കുന്നതിന് വിവിധ ഐ.ഐ.ടികളുമായി ബന്ധപ്പെട്ട് ഗവേഷണ തലത്തിൽ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. വോട്ടുയന്ത്ര തിരിമറി സംബന്ധിച്ച സംശയങ്ങൾ ശക്തമായി നിലനിൽക്കേ, പുതിയ പദ്ധതി നടപ്പാക്കിയെടുക്കാൻ കമീഷന് ഒട്ടും എളുപ്പമല്ലെന്ന പ്രശ്നം ബാക്കിനിൽക്കുന്നു. ഇൻറർനെറ്റുമായി ബന്ധിപ്പിക്കാതെ പ്രോേട്ടാടൈപ് വോട്ടുയന്ത്രം സജ്ജീകരിക്കാനാണ് ലക്ഷ്യമെന്ന് കമീഷൻ വാദിക്കുന്നുണ്ടെങ്കിലും, തിരിമറി സാധ്യത സംശയിക്കുന്നതിനാൽ അപ്രായോഗികമാണിതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഈ സാഹചര്യങ്ങൾക്കിടയിലാണ് കമീഷൻ ഉദ്യോഗസ്ഥരെ വിളിക്കാൻ സഭാ സമിതി ഒരുങ്ങുന്നത്. ഇ-കോർട്ട് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട സുപ്രീംകോടതി സമിതി അധ്യക്ഷനായ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡുമായി ചർച്ച നടത്തുന്നതിനും സഭാ സമിതി തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.