മനുഷ്യക്കടത്തിന് 10 വർഷം തടവ്
text_fieldsന്യൂഡൽഹി: മനുഷ്യക്കടത്ത് തടയുന്നതിനും പുനരധിവാസ നടപടികൾക്കുമുള്ള ബിൽ ലോക്സഭ പാസാക്കി. മനുഷ്യക്കടത്ത് കേസുകളിൽ 10 വർഷം വരെ തടവും ലക്ഷം രൂപയിൽ കുറയാത്ത പിഴയുമാണ് ശിക്ഷ. ജില്ല, സംസ്ഥാന, കേന്ദ്ര തലങ്ങളിൽ സ്ഥാപനപരമായ സംവിധാനം രൂപവത്കരിക്കാൻ ബിൽ വ്യവസ്ഥചെയ്യുന്നു.
നിർബന്ധപൂർവം തൊഴിലെടുപ്പിക്കൽ, യാചകവൃത്തി എന്നിവ അടക്കം എല്ലാ രൂപത്തിലുമുള്ള അനാശാസ്യ മനുഷ്യക്കടത്തും ശിക്ഷാർഹമാണ്. എല്ലാവിധ മനുഷ്യക്കടത്തും തടയുന്നതിനുള്ള നിയമനിർമാണത്തിൽ സ്ത്രീകളുടെയും കുട്ടികളുടെയും കടത്ത് തടയുന്നതിന് പ്രത്യേകമായ ഉൗന്നൽ നൽകിയിട്ടുണ്ട്.
മനുഷ്യക്കടത്തിെൻറ ഇരകൾക്ക് പരിചരണവും സംരക്ഷണവും പുനരധിവാസവും വ്യവസ്ഥചെയ്യുന്നു. ഉൽപന്നങ്ങൾ എന്നപോലെ സ്ത്രീകളെയും കുട്ടികളെയും വിൽക്കുന്ന സംഭവങ്ങൾ രാജ്യത്ത് നടക്കുന്നുണ്ടെന്ന് ചർച്ച ഉപസംഹരിച്ച വനിത, ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച വിവരം കിട്ടിയാലുടൻ പൊലീസിന് രക്ഷാപ്രവർത്തനങ്ങൾ നടത്താൻ പുതിയ നിയമം സാഹചര്യമൊരുക്കുന്നതായും മേനക പറഞ്ഞു. മനുഷ്യക്കടത്ത് തടയുന്നതുമായി ബന്ധപ്പെട്ട ബോധവത്കരണ ഉള്ളടക്കം സ്കൂൾ പാഠപുസ്തകങ്ങളിൽ ഉൾക്കൊള്ളിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യം മാനവശേഷി വികസന മന്ത്രാലയത്തോട് ആവശ്യപ്പെടും.
മനുഷ്യക്കടത്തിെൻറ ഇരയേയും കടത്തിക്കൊണ്ടുവരുന്ന കുടിയേറ്റക്കാരേയും ഒരുപോലെ കാണുന്നത് നിയമനിർമാണത്തിലെ പോരായ്മയാണെന്ന് കോൺഗ്രസിലെ ശശി തരൂർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.