സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കോൺഗ്രസ്; അര സമ്മതവുമായി രാഹുൽ
text_fieldsന്യൂഡൽഹി: അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ രാഹുൽ ഗാന്ധി പ്രവർത്തക സമിതി യോഗത്തിൽ അര സമ്മതം മൂളിയതിെൻറ അകമ്പടിയോടെ സംഘടന തെരഞ്ഞെടുപ്പ് സമയക്രമം പ്രഖ്യാപിച്ച് കോൺഗ്രസ്. അടുത്ത വർഷം സെപ്റ്റംബറിൽ പുതിയ പ്രസിഡൻറ് വരുന്നതു വരെ സോണിയഗാന്ധി തുടരും. അനിശ്ചിതത്ത്വം നീക്കാൻ രാഹുൽ പദവി ഏറ്റെടുക്കുക തന്നെ വേണമെന്ന മുറവിളി ആവർത്തിച്ചപ്പോഴാണ് 'പരിഗണിക്കാം' എന്ന് രാഹുൽ പ്രവർത്തകസമിതി യോഗത്തിൽ പ്രതികരിച്ചത്. കോൺഗ്രസ് ഭരിക്കുന്ന മൂന്നു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മുതിർന്ന നേതാവ് എ.കെ. ആൻറണി അടക്കമുള്ളവരുമാണ് രാഹുലിനോട് അഭ്യർഥന ആവർത്തിച്ചത്.
പുതിയ നേതാവിനെ പ്രഖ്യാപിക്കുന്നതിന് പരമാവധി സമയം നീട്ടിയെടുത്ത കോൺഗ്രസ്, അംഗത്വ വിതരണത്തിൽ തുടങ്ങി എ.ഐ.സി.സി സമ്മേളനത്തിൽ സമാപിക്കുന്ന വിധം ഒരു വർഷം നീളുന്ന തെരഞ്ഞെടുപ്പ് സമയപട്ടികയാണ് പ്രഖ്യാപിച്ചത്. അടുത്ത മാസം ഒന്നിന് അംഗത്വ വിതരണം ആരംഭിച്ച് ബൂത്ത്, ബ്ലോക്ക്, ജില്ല, സംസ്ഥാന തലങ്ങൾ പിന്നിട്ട് അടുത്ത ഒക്ടോബറിനു മുമ്പാണ് എ.ഐ.സി.സി സമ്മേളനം. കോൺഗ്രസ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് 2022 ആഗസ്റ്റ് 21നും സെപ്റ്റംബർ 20നും ഇടക്ക്. പാർട്ടി പ്രവർത്തകർക്കായി അടുത്തമാസം പരിശീലന പരിപാടിയും പ്രഖ്യാപിച്ചു. നയിക്കാൻ നേതാവില്ലാതെ പാർട്ടി അനിശ്ചിതത്ത്വത്തിലാണെന്നും അടിയന്തരമായി പ്രവർത്തക സമിതി വിളിക്കണമെന്നും ആവശ്യപ്പെട്ട ജി 23 സംഘ നേതാക്കൾക്ക് പ്രവർത്തക സമിതിയിൽ സോണിയ മറുപടി നൽകി. മുഴുസമയ കോൺഗ്രസ് പ്രസിഡൻറായി താൻ പാർട്ടി കാര്യങ്ങൾ നോക്കുന്നുണ്ടെന്നാണ് സോണിയ യോഗത്തിൽ പ്രസംഗിച്ചത്.
നെഹ്റു കുടുംബാംഗങ്ങളുടെ നേതൃത്വം പാർട്ടിക്ക് ആവശ്യമാണെന്ന് അടിവരയിട്ട് ജി 23 നേതാക്കൾക്ക് മറുപടി നൽകുന്ന വിധമായിരുന്നു എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, രൺദീപ്സിങ് സുർജേവാല എന്നിവരുടെ വാർത്തസമ്മേളനം. പാർട്ടി കാര്യങ്ങൾ എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്ന് കോൺഗ്രസിന് വ്യക്തമായി അറിയാം. രാഹുൽ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും നേതൃത്വം, കാര്യശേഷി എന്നിവയിൽ നിസ്സംശയം പാർട്ടിക്ക് പൂർണവിശ്വാസമുണ്ട്. രാഹുൽ ഗാന്ധി കഴിവുറ്റ നേതാവാണ്. സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ അതു പൂർത്തിയാവുന്നതു വരെ സ്വാഭാവികമായും സോണിയ പ്രസിഡൻറായി തുടരും -വേണുഗോപാൽ വ്യക്തമാക്കി. പ്രതിപക്ഷത്തെ ദുർബലരെന്ന് ചിത്രീകരിക്കുകയും ഭരണപക്ഷത്തിെൻറ വീഴ്ചകൾ കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നതാണ് ഇക്കാല രീതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിശീലനവുമായി കോൺഗ്രസ്
ന്യൂഡൽഹി: കോൺഗ്രസിെൻറ ആശയാദർശങ്ങൾ, കേന്ദ്രസർക്കാറിനെതിരായ നിലപാടുകൾ തുടങ്ങിയ വിഷയങ്ങളിൽ വ്യക്തത നൽകി പരിശീലന പരിപാടി സംഘടിപ്പിക്കാൻ പ്രവർത്തക സമിതി തീരുമാനിച്ചു. അടുത്ത മാസം 12 മുതൽ 15 വരെ വാർധയിൽ പ്രതിനിധികൾക്കായി ഇതിെൻറ പ്രാരംഭ ക്ലാസ് നൽകും. തുടർന്ന് സംസ്ഥാന, ജില്ല, ബ്ലോക്ക് തലങ്ങളിൽ പരിശീലനം ഒരുക്കാനും തീരുമാനിച്ചു. സർക്കാറിനെതിരെ ജനജാഗരൺ അഭിയാൻ എന്ന പേരിൽ അടുത്ത മാസം പ്രചാരണ പരിപാടി നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.