രാജസ്ഥാനിൽ കോൺഗ്രസ് 33 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും പട്ടികയിൽ
text_fieldsന്യൂഡല്‍ഹി: രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആദ്യഘട്ട സ്ഥാനാർഥികളുടെ പട്ടിക പുറത്തുവിട്ട് കോൺഗ്രസ്. 33 പേരുള്ള പട്ടികയിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെയും സച്ചിൻ ൈപലറ്റിന്റെയും പേരുകളുണ്ട്. ഗെഹ്ലോട് സർദാർപുര മണ്ഡലത്തിൽ നിന്നും പൈലറ്റ് ടോങ്ക് മണ്ഡലത്തിൽ നിന്നും ജനവിധി തേടും. കോൺഗ്രസ് സംസ്ഥാന യൂനിറ്റ് പ്രസിഡന്റ് ദോതസ്ര ലച്ച്മംഗഢിൽ നിന്നും രാജസ്ഥാൻ അസംബ്ലി സ്പീക്കർ സി പി ജോഷി നാഥ്ദ്വാര നിയമസഭാ മണ്ഡലത്തിൽ നിന്നും മത്സരിക്കും.
മന്ത്രി ഹരീഷ് ചൗധരി ബയൂട്ടോ മണ്ഡലത്തിൽ നിന്നും ദിവ്യ മഡേണ ഒസിയാനിൽ നിന്നും കൃഷ്ണ പൂനിയ സദുൽപൂർ മണ്ഡലത്തിൽ നിന്നും ജനവിധി തേടും. മന്ത്രി മമത ഭൂപേഷ് സിക്രായ്- എസ്‍.സി സീറ്റിൽ നിന്നാണ് മത്സരിക്കുക. ഭൻവാർ സിങ് ഭാട്ടി, മനോജ് മേഘ്‍വാൾ, അമിത് ചചൻ, റിത ചൗധരി, ഇന്ദ്രജ് സിങ് ഗുർജാർ, ലാൽട് കുമാർ യാദവ്, തിക്രം ജൂലി എന്നിവരും കോൺഗ്രസിന്റെ ബാനറിൽ മത്സരിക്കും. കൂടുതൽ സ്ഥാനാർഥികളുടെ പട്ടിക കോൺഗ്രസ് അടുത്ത ദിവസം പുറത്തുവിടും.
സ്ഥാനാർഥികളുടെ പേരുകൾ ചർച്ച ചെയ്യാൻ കോൺഗ്രസ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേർന്നതിന് പിന്നാലെയാണ് പട്ടിക പുറത്തുവിട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പിനായുള്ള തന്ത്രങ്ങളും പാർട്ടി നേതാക്കൾ ചർച്ച ചെയ്തു. ഗെഹ്ലോട്ടും പൈലറ്റും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ രാജസ്ഥാൻ കോണ്‍ഗ്രസിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. തുടർന്ന്, കേന്ദ്രനേതാക്കൾ ഇടപെട്ട് പ്രശ്നങ്ങൾ താൽകാലികമായെങ്കിലും പരിഹരിക്കുകയായിരുന്നു.
ബി.ജെ.പി ഇന്ന് 83 സ്ഥാനാർഥികളുടെ പട്ടിക പുറത്തുവിട്ടിരുന്നു. ആദ്യഘട്ടത്തിൽ 41സ്ഥാനാർഥികളുടെ പട്ടികയാണ് ബി.ജെ.പി പുറത്തുവിട്ടത്. രണ്ടാംപട്ടികയിൽ മുൻ മുഖ്യമന്ത്രി വസുന്ധര രാജെയും മുതിർന്ന നേതാവ് രാജേന്ദ്ര റാഥോഡും ഉൾപ്പെട്ടിട്ടുണ്ട്.
200 അംഗ നിയമസഭയിലേക്കാണ് രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. 2018ലെ നിയമസഭസീറ്റിൽ കോൺഗ്രസിന് 100ഉം ബി.ജെ.പിക്ക് 73ഉം സീറ്റുകളാണ് ലഭിച്ചത്. ബി.എസ്.പി എം.എൽ.എമാരുടെയും സ്വതന്ത്രരുടെയും പിന്തുണയോടെ കോൺഗ്രസ് രൂപവത്കരിച്ച സർക്കാരിൽ അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രിയായി. നവംബർ 25നാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ മൂന്നിന് ഫലം പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.