ഭാരത് ജോഡോ യാത്രക്കിടെ കോൺഗ്രസ് നേതാവ് അന്തരിച്ചു; അനുശോചിച്ച് രാഹുൽ ഗാന്ധി
text_fieldsമുംബൈ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കവേ മഹാരാഷ്ട്രയിൽ നിന്നുള്ള നേതാവ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. സേവാ ദൾ സംസ്ഥാന ജനറൽ സെക്രട്ടറി കൃഷ്ണകുമാർ പാണ്ഡേയാണ് മരിച്ചത്. യാത്രക്കിടെ തളർന്നുവീണ പാണ്ഡെയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നെന്ന് കോൺഗ്രസ് നേതൃത്വം പ്രസ്താവനയിൽ അറിയിച്ചു.
ജോഡോ യാത്രയുടെ 62ാം ദിവസമായിരുന്നു ഇന്ന്. ദിഗ് വിജയ സിങ്ങിനും തന്നോടുമൊപ്പമായിരുന്നു കൃഷ്ണകുമാർ പാണ്ഡെ യാത്രയിൽ അണിനിരന്നതെന്ന് മുതിർന്ന നേതാവ് ജയ്റാം രമേശ് പറഞ്ഞു. അടിയുറച്ച കോൺഗ്രസുകാരനായ പാണ്ഡെ നാഗ്പൂരിൽ ആർ.എസ്.എസിനെതിരെ പൊരുതിനിന്നയാളാണ്. യാത്രയിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഏറ്റവും സങ്കടകരമായ നിമിഷമാണിത് -ജയ്റാം രമേശ് പറഞ്ഞു.
കൃഷ്ണകുമാർ പാണ്ഡെയുടെ അർപ്പണബോധം പ്രചോദിപ്പിക്കുന്നതാണെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. അവസാന നിമിഷങ്ങളിൽ വരെ കോൺഗ്രസിന്‍റെ ത്രിവർണ പതാക അദ്ദേഹം കൈകളിലേന്തി. കോൺഗ്രസ് കുടുംബത്തിനാകെ കനത്ത നഷ്ടമാണ് അദ്ദേഹത്തിന്‍റെ വിയോഗം. പ്രിയപ്പെട്ടവരെ അനുശോചനമറിയിക്കുന്നു -രാഹുൽ പറഞ്ഞു.
തിങ്കളാഴ്ച രാത്രിയാണ് ഭാരത് ജോഡോ യാത്ര മഹാരാഷ്ട്രയിൽ പ്രവേശിച്ചത്. 15 ദിവസം കൊണ്ട് സംസ്ഥാനത്തെ 15 നിയമസഭ മണ്ഡലങ്ങളിലും ആറ് ലോക്സഭ മണ്ഡലങ്ങളിലും പര്യടനം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.