ഭീകരക്കുറ്റം ചുമത്തിയ കശ്മീരി ഫോട്ടോ ജേണലിസ്റ്റിന് ജാമ്യം
text_fieldsശ്രീനഗർ: തീവ്രവാദ കുറ്റത്തിന് ദേശീയ അന്വേഷണ ഏജൻസി (എ.ഐ.എ) അറസ്റ്റ് ചെയ്ത മാധ്യമപ്രവർത്തകൻ തിഹാർ ജയിലിൽനിന്ന് പുറത്തിറങ്ങി. ഒരു വർഷത്തിലേറെയായി ജയിലിൽ കഴിഞ്ഞ ശ്രീനഗറിലെ ഫ്രീലാൻസ് ഫോട്ടോ ജേണലിസ്റ്റ് മുഹമ്മദ് മനൻ ദറിനാണ് ഒടുവിൽ മോചനവഴി തെളിഞ്ഞത്. അദ്ദേഹത്തിനെതിരെ ചുമത്തിയ കുറ്റങ്ങൾ വെറും അനുമാനങ്ങൾ മാത്രമാണെന്ന പരാമർശത്തോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.
2021 ഒക്ടോബറിലാണ് സഹോദരൻ ഹനൻ ദർ ഉൾപ്പെടെ 12 പേർക്കൊപ്പം എൻ.ഐ.എ അറസ്റ്റ്ചെയ്തത്. ചൊവ്വാഴ്ച രാത്രി ഒമ്പതിന് ജയിലിൽനിന്ന് പുറത്തിറങ്ങിയ അദ്ദേഹത്തെ അഭിഭാഷകരുടെ സാന്നിധ്യത്തിൽ കുടുംബാംഗം സ്വീകരിച്ചു. പത്രപ്രവർത്തന ജോലി തുടരാൻ ആഗ്രഹിക്കുന്നതായി വെളിപ്പെടുത്തിയെന്ന് കുടുംബാംഗം പറഞ്ഞു.
ഇന്ത്യൻ ഭരണഘടനയിൽനിന്ന് ആർട്ടിക്കിൾ 370 റദ്ദാക്കിയശേഷം ഡൽഹിയിലും ജമ്മു-കശ്മീരിലും മറ്റു സംസ്ഥാനങ്ങളിലും അക്രമാസക്തമായ ഭീകരപ്രവർത്തനങ്ങൾ നടത്താനുള്ള ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ് അറസ്റ്റ് ചെയ്തത്. അതു തെളിയിക്കാൻ കേന്ദ്ര ഏജൻസിയുടെ തെളിവുകൾ പര്യാപ്തമല്ലെന്ന് ജനുവരി രണ്ടിന് പുറപ്പെടുവിച്ച ജാമ്യാപേക്ഷയിൽ പറയുന്നു. ഫോട്ടോ ജേണലിസ്റ്റിന്റെ മറവിൽ സുരക്ഷാ സേനയെക്കുറിച്ചുള്ള വിശദാംശം തീവ്രവാദ സംഘടനകളുമായി പങ്കിട്ടെന്നായിരുന്നു ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.