കുത്തിവെപ്പ് നൽകിയതിൽ 90 ശതമാനവും കോവിഷീൽഡ്
text_fieldsന്യൂഡൽഹി: ഇതുവരെ രാജ്യത്തുടനീളം നൽകിയ 12.76 കോടി കോവിഡ് വാക്‌സിനുകളിൽ 90 ശതമാനവും ഓക്‌സ്‌ഫഡ്-അസ്ട്രാസെനെക്കയുടെ കോവിഷീൽഡ് വാക്സിനെന്ന്. ബുധനാഴ്ച സർക്കാർ പുറത്തുവിട്ട കണക്കുകളിലാണ് ഇതുള്ളത്. പുണെ ആസ്ഥാനമായുള്ള സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് കോവിഷീൽഡ് വാക്സിൻ നിർമിക്കുന്നത്. ഹൈദരാബാദിലെ ഭാരത് ബയോടെക്കിൽ നിന്നുള്ള തദ്ദേശീയ കോവാക്സിനാണ് ഇന്ത്യയിൽ നൽകുന്ന മറ്റൊരു വാക്സിൻ.
ഇതുവരെ നടത്തിയ 127,605,870 കോവിഡ് വാക്സിനേഷൻ കുത്തിവെപ്പിൽ 11,60,65,107 കോവിഷീൽഡും 1,15,40,763 എണ്ണം കോവാക്‌സിനുമാണെന്ന് സർക്കാർ 'കോ-വിൻ' പോർട്ടൽ പറയുന്നു. ഗോവ, ചണ്ഡിഗഡ്, ജമ്മു-കശ്മീർ എന്നിവയുൾപ്പെടെ 15ഓളം സംസ്ഥാനങ്ങളും എല്ലാ കേന്ദ്രഭരണ പ്രദേശങ്ങളും ഗുണഭോക്താക്കൾക്ക് കോവിഷീൽഡ് മാത്രമേ നൽകിയിട്ടുള്ളൂ.
കോവാക്സിനേക്കാൾ ഉയർന്ന തോതിൽ കോവിഷീൽഡ് ഉൽപാദിപ്പിക്കപ്പെടുന്നുണ്ടെന്നും അതിനാൽ ലഭ്യത കൂടുതലാണെന്നും വിദഗ്ധർ പറഞ്ഞു. ഉടൻ കോവാക്സിൻ ഉൽപാദനം വർധിപ്പിക്കുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർചിലെ എപ്പിഡമിയോളജി ആൻഡ് കമ്യൂണിക്കബ്ൾ ഡിസീസസ് മേധാവി ഡോ. സമീരൻ പാണ്ട പറഞ്ഞു. ഹൈദരാബാദിലെയും ബംഗളൂരുവിലെയും ഒന്നിലധികം സൗകര്യങ്ങളിൽ പ്രതിവർഷം 700 ദശലക്ഷം ഡോസുകൾ കോവാക്സിൻ ഉൽപാദിപ്പിക്കുമെന്ന് ഭാരത് ബയോടെക് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.