ഉയർത്തെഴുന്നേറ്റ് വരുമെന്ന വിശ്വാസം; മാതാവിന്റെ ജീർണിച്ച മൃതദേഹവുമായി ഒരാഴ്ച കഴിഞ്ഞ് പെൺമക്കൾ
text_fieldsചെന്നൈ: ഉയർത്തെഴുന്നേറ്റ് വരുമെന്ന അന്ധവിശ്വാസത്തോടെ വീട്ടിനകത്ത് മാതാവിെൻറ ജീർണിച്ച മൃതദേഹവുമായി ഒരാഴ്ച കഴിഞ്ഞ രണ്ടു പെൺമക്കളെ കണ്ടെത്തി. നാട്ടുകാരുടെ പരാതിയെ തുടർന്ന് ഒടുവിൽ റവന്യൂ-പൊലീസ് അധികൃതർ സ്ഥലത്തെത്തി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. തിരുച്ചി ജില്ലയിലെ മണപാറ സൊക്കംപട്ടി ഗ്രാമത്തിലെ വീട്ടിലാണ് റിട്ട. അധ്യാപികയായ മേരിയുടെ (75) മൃതദേഹവുമായി അവിവാഹിതരായ പെൺമക്കൾ ജസിന്ത (43), ജയന്തി (40) എന്നിവർ പ്രാർഥനയിൽ കഴിഞ്ഞിരുന്നത്.
പുതുച്ചേരിയിൽ നിന്നുള്ള ബന്ധു വീട്ടിലെത്തി മൃതദേഹം ഉടൻ സംസ്കരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പെൺമക്കൾ ശകാരിച്ചു പറഞ്ഞയക്കുകയായിരുന്നു. തുടർന്ന് ബന്ധു സമീപവാസികളെ വിവരമറിയിച്ചു. ഇതോടെ ഗ്രാമവാസികൾ വീടിനു ചുറ്റും തടിച്ചുകൂടി. മണപാറ പൊലീസിലും വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തിയെങ്കിലും വാതിൽ തുറക്കാൻ സഹോദരിമാർ തയാറായില്ല. ഒരു മണിക്കൂറിനുശേഷം പൊലീസ് റവന്യൂ അധികൃതരുടെ സാന്നിധ്യത്തിൽ ബലംപ്രയോഗിച്ച് അകത്ത് കടക്കുകയായിരുന്നു.
അമ്മ ജീവിച്ചിരിപ്പുണ്ടെന്നും മൃതദേഹം പുറത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കില്ലെന്നും മക്കൾ പറഞ്ഞു. ഇവരുടെ എതിർപ്പ് അവഗണിച്ച് വൈദ്യസംഘം സ്ഥലത്തെത്തി മരണം സ്ഥിരീകരിക്കുകയും മൃതദേഹം മണപാറ ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. ഒരാഴ്ച മുമ്പ് മരിച്ചതായി ഡോക്ടർമാർ റിപ്പോർട്ട് ചെയ്തു. പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.