വധശിക്ഷക്ക് സുപ്രീംകോടതി മാർഗനിർദേശം; പകവീട്ടും പോലെ വധശിക്ഷ വിധിക്കുന്നെന്ന്
text_fieldsന്യൂഡൽഹി: പ്രതികൾ ചെയ്ത കുറ്റകൃത്യങ്ങൾക്ക് പകവീട്ടുന്നത് പോലെയാണ് രാജ്യത്തെ വിചാരണ കോടതികൾ പലപ്പോഴും വധശിക്ഷ വിധിക്കുന്നതെന്ന് സുപ്രീംകോടതി വിമർശനം. വിചാരണക്കിടെ ഒരിക്കല്‍പോലും പ്രതികള്‍ക്ക് മാനസാന്തരം ഉണ്ടാകാനുള്ള സാഹചര്യമുണ്ടോയെന്ന് പരിശോധിക്കുന്നു പോലുമില്ലെന്നും ജസ്റ്റിസുമാരായ യു.യു. ലളിത്, എസ്. രവീന്ദ്ര ഭട്ട്, ബേല എം. ത്രിവേദി എന്നിവരടങ്ങുന്ന ബെഞ്ച് കുറ്റപ്പെടുത്തി.
2015ൽ മധ്യപ്രദേശിലുണ്ടായ ഒരു കേസിന്‍റെ വിധി പ്രസ്താവവുമായി ബന്ധപ്പെട്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ഹൈകോടതി ശരിവെച്ച, ആറിൽ മൂന്നുപേരുടെ വധശിക്ഷ റദ്ദാക്കിയ മൂന്നംഗ ബെഞ്ച്, ശിക്ഷ വിധിക്കുന്നതിൽ കോടതികൾക്ക് സുപ്രധാന മാർഗനിർദേശം പുറപ്പെടുവിച്ചു. പ്രതികളുടെ കുടുംബ, സാമൂഹിക, സ്വഭാവ പശ്ചാത്തലങ്ങള്‍ കണക്കിലെടുത്ത് വീഴ്ചകള്‍ക്ക് ചെറിയ തിരുത്ത് കൊണ്ടുവരുന്നതിനാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇറക്കുന്നതെന്നും കോടതി അറിയിച്ചു.
ശിക്ഷയുടെ കാഠിന്യം കുറക്കുന്നതിനുള്ള സാഹചര്യങ്ങൾ വിചാരണ തലം മുതല്‍ തന്നെ കോടതികൾ അടിയന്തരമായി കണക്കിലെടുക്കണമെന്ന് മാർഗ നിർദേശത്തിൽ ആവശ്യപ്പെട്ടു. പ്രതി മാനസാന്തരപ്പെടാനുള്ള സാധ്യതയുണ്ടോ എന്ന് വിചാരണ കോടതിതലം മുതല്‍ തന്നെ പരിശോധിക്കണം. വധശിക്ഷയിലേക്ക് നയിച്ചേക്കാവുന്ന കുറ്റകൃത്യങ്ങളില്‍ പ്രതികളാകുന്നവരുടെ മനോനിലയും മാനസിക ആരോഗ്യപരവുമായ വിവരങ്ങൾ സംസ്ഥാനങ്ങള്‍ വിചാരണ കോടതിയിൽ ലഭ്യമാക്കണം. ഇത് കുറ്റം നടന്ന സമയത്തുള്ള പ്രതിയുടെ മനോനില വിലയിരുത്താനും ശിക്ഷയുടെ കാഠിന്യം കുറക്കാനും സഹായിക്കും. ഇവയെല്ലാം പരിശോധിച്ച് മാത്രമെ വധശിക്ഷ വിധിക്കുന്നതിലേക്ക് പോകാവൂയെന്നും ബെഞ്ച് വ്യക്തമാക്കി.
മാർഗനിർദേശങ്ങൾ: പ്രതിയെ പൂർണമായി മനസ്സിലാക്കണം
- പ്രതിയെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ വിചാരണ ഘട്ടത്തില്‍ തന്നെ ശേഖരിക്കണം.
- പ്രതി പശ്ചാത്തപിക്കാനും പരിവര്‍ത്തനത്തിനും സാധ്യതയുണ്ടോയെന്ന് സൂക്ഷ്മ പരിശോധന നടത്തണം.
- കുടുംബ പശ്ചാത്തലം ഉള്‍പ്പെടെ മുഴുവൻ വിവരങ്ങളും സര്‍ക്കാര്‍ ശേഖരിച്ച് നല്‍കണം. (പ്രതിയുടെ പ്രായം, മുൻകാല കുടുംബ പശ്ചാത്തലം, നിലവിലെ കുടുംബ പശ്ചാത്തലം, കുടുംബാംഗങ്ങളുടെ അതിജീവനം, വിവാഹം, കുട്ടികൾ, വിദ്യാഭ്യാസ യോഗ്യത, സാമൂഹിക -സാമ്പത്തിക പശ്ചാത്തലം, ക്രിമിനൽ ചരിത്രം, വരുമാനവും തൊഴിലിന്‍റെ സ്വഭാവവും, പ്രതിക്ക് മാനസിക പ്രശ്‌നങ്ങളോ മറ്റു പെരുമാറ്റ വൈകല്യങ്ങളോ ഉണ്ടോ എന്നീ വിവരങ്ങളാണ് നൽകേണ്ടത്.
- പ്രതിയുടെ മനോനില സംബന്ധിച്ച് സര്‍ക്കാറിന്‍റെയും ജയില്‍ അധികൃതരുടെയും റിപ്പോര്‍ട്ട് തേടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.