
കോവിഡ് ബാധിച്ച് 30 ദിവസത്തിനകം മരിച്ചാൽ 'കോവിഡ് മരണ'മായി കണക്കാക്കും; മാർഗരേഖ പുതുക്കി കേന്ദ്രം
text_fieldsന്യൂഡൽഹി: രാജ്യത്ത് കോവിഡ് മരണത്തിന്‍റെ മാർഗരേഖ പുതുക്കി കേന്ദ്രസർക്കാർ. കോവിഡ് ബാധിച്ച് 30 ദിവസത്തിനകം ആശുപത്രിയിലോ വീട്ടിലോ മരിച്ചാൽ കോവിഡ് മരണമായി കണക്കാക്കും. സുപ്രീംകോടതിയുടെ ഇടെപടലിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
കോവിഡ് ബാധിതനാണെന്ന് കണക്കാക്കാൻ ആന്‍റിജനോ ആർ.ടി.പി.സി.ആർ പരിശോധനയോ നടത്തണം. അതേസമയം വിഷബാധയേൽക്കൽ, ആത്മഹത്യ, കൊലപാതകം, അപകടം എന്നിവ കോവിഡ് മരണമായി കണക്കില്ല. മരണസർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന മരണകാരണത്തിൽ കുടുംബാംഗങ്ങൾ സംതൃപ്തരല്ലാത്ത സാഹചര്യത്തിൽ ജില്ല തലത്തിൽ കമ്മിറ്റി രൂപീകരിച്ച് പരിശോധിക്കണം. 30 ദിവസത്തിനകം ഇത്തരം അപേക്ഷകൾ പരിഗണിച്ച് തീർപ്പാക്കണം.
മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് കോവിഡ് മരണവുമായി ബന്ധപ്പെട്ട് ഔദ്യോഗിക രേഖകൾ നൽകുന്നതിന് 'മാർഗനിർദേശങ്ങൾ ലഘൂകരിക്കാൻ' സുപ്രീംകോടതി കേന്ദ്രത്തോട് നിർദേശിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഐ.സി.എം.ആറും കേന്ദ്രസർക്കാറും ചേർന്ന് തയാറാക്കിയ പുതുക്കിയ മാർഗനിർദേശങ്ങൾ സുപ്രീംകോടതിയിൽ സമർപ്പിച്ചത്. ഹരജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും.
നേരത്തേ കോവിഡ് പരിശോധന നടത്തി പോസിറ്റീവായി 30 ദിവസത്തിനുള്ളിൽ മരണം സംഭവിച്ചാൽ മാത്രമേ കോവിഡ് മരണമായി കണക്കാക്കിയിരുന്നുള്ളൂ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.