നോട്ട് നിരോധനം സുപ്രീംകോടതി ഭരണഘടന ബെഞ്ചിന് വിട്ടു
text_fieldsന്യൂഡല്‍ഹി: 500, 1000 രൂപ നോട്ട് നിരോധിച്ച നടപടി ഭരണഘടനാപരമായി നിലനില്‍ക്കുമോ എന്ന വിഷയം സുപ്രീംകോടതി ഭരണഘടന ബെഞ്ചിന് വിട്ടു. റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുന്ന പണത്തിന് പകരം പുതിയ കറന്‍സികള്‍ സഹകരണ ബാങ്കുകള്‍ക്ക് നല്‍കണമെന്നും അതിന് പൊതുമേഖല ബാങ്കുകള്‍ക്കുള്ള ചട്ടം ബാധകമാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. 24,000 രൂപ ആഴ്ച തോറും നല്‍കാമെന്ന വാഗ്ദാനം നിറവേറ്റണമെന്നും സുപ്രീംകോടതി കേന്ദ്രത്തോട് ആവര്‍ത്തിച്ചാവശ്യപ്പെട്ടു.
ഭരണഘടന സാധുതയടക്കം കറന്‍സി നിരോധനവുമായി ബന്ധപ്പെട്ട ഒമ്പത് വിഷയങ്ങള്‍ അഞ്ചംഗ ഭരണഘടന ബെഞ്ചിന് വിടുകയാണെന്ന് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ഹൈകോടതികളിലെ എല്ലാ നടപടികളും സ്റ്റേ ചെയ്തു. പുതിയ പരാതി സ്വീകരിക്കരുതെന്നും നിര്‍ദേശിച്ചു. സഹകരണ ബാങ്കുകള്‍ ശേഖരിച്ച 8000 കോടി രൂപ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് അനുവാദം നല്‍കി.
കെ.വൈ.സി മാനദണ്ഡം പൂര്‍ത്തിയാക്കിയ ശേഷം സഹകരണബാങ്കുകളിലെ നിക്ഷേപം സ്വീകരിക്കാമെന്ന കേന്ദ്രത്തിന്‍െറ അഭിപ്രായം സുപ്രീംകോടതി സ്വീകരിച്ചു.
500, 1000 രൂപയുടെ പഴയ നോട്ടുകള്‍ ഡിസംബര്‍ 30ന് ശേഷവും നിക്ഷേപിക്കാനുള്ള അവസരം നല്‍കണമെന്ന ആവശ്യം തള്ളിക്കളഞ്ഞു.
തീര്‍പ്പുകല്‍പിക്കുന്ന വിഷയങ്ങള്‍
- നവംബര്‍ എട്ടിലെ റിസര്‍വ് ബാങ്ക് വിജ്ഞാപനം റിസര്‍വ് ബാങ്ക് നിയമത്തിന്‍െറ ലംഘനമാണോ?
- നവംബര്‍ എട്ടിലെ വിജ്ഞാപനം ഭരണഘടനയുടെ 300(എ) അനുച്ഛേദത്തിന്‍െറ ലംഘനമാണോ?
- ഈ വിജ്ഞാപനം ഭരണഘടന അനുവദിക്കുന്ന തുല്യത, അഭിപ്രായ സ്വാതന്ത്ര്യം എന്നീ അവകാശങ്ങളെ ഹനിച്ചോ?
- ഒരു വ്യക്തിയുടെ പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഭരണഘടനയുടെ 14, 19, 20, 21 അനുച്ഛേദങ്ങള്‍ക്കെതിരാണോ?
- കറന്‍സി നിരോധനവും അത് നടപ്പാക്കിയ രീതിയും രാജ്യത്തെ നിയമ നടപടിക്രമങ്ങളുടെ ലംഘനമാണോ?
- റിസര്‍വ് ബാങ്ക് നിയമത്തിലെ 26(2) വകുപ്പ് റിസര്‍വ് ബാങ്കിന് അമിതാധികാരം നല്‍കുന്നുണ്ടോ?
- കറന്‍സി നിരോധനമടക്കമുള്ള സര്‍ക്കാറിന്‍െറ സാമ്പത്തിക നയങ്ങളില്‍ കോടതിക്ക് എത്രത്തോളം ഇടപെടാനാകും?
- ഭരണഘടനയുടെ 32ാം അനുച്ഛേദത്തിന് കീഴില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സുപ്രീംകോടതിയില്‍ റിട്ട് ഹരജികള്‍ സമര്‍പ്പിക്കാനാകുമോ?
- കറന്‍സി നിരോധനത്തിന് ശേഷം നിക്ഷേപം സ്വീകരിക്കാനും പണം പിന്‍വലിക്കാനും അനുവദിക്കാതിരുന്നതിലൂടെ ജില്ല സഹകരണ ബാങ്കുകളോട് വിവേചനം കാണിച്ചോ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.