സുപ്പർമാർക്കറ്റിൽ മാസ്ക് ധരിക്കാൻ വിസമ്മതിച്ച ഡോക്ടർക്കെതിരെ കേസ്; വിഡ്ഡിയാകാനില്ലെന്ന് ഡോക്ടർ
text_fieldsസൂപ്പർമാർക്കറ്റിൽ മാസ്ക് ധരിക്കാൻ വിസമ്മതിക്കുകയും തർക്കിക്കുകയും ചെയ്ത മംഗളുരുവിലെ ഡോക്ടർക്കെതിരെ പകർച്ചവ്യാധി നിയമമനുസരിച്ച് കേസെടുത്തു. മംഗളുരു കാദ്രിയിലെ ജിമ്മി സൂപ്പർമാർക്കറ്റിലാണ് സംഭവം. ബില്ലിങ് കൗണ്ടറിൽ മാസ്ക് ധരിക്കാതെ എത്തിയ ഡോ. ബി. ശ്രീനിവാസ കക്കിലയക്കെതിരെ സൂപ്പർ മാർക്കറ്റ് പാർടണറുടെ പരാതിയിൽ കാദ്രി പൊലീസാണ് കേസെടുത്തത്.
മാസ്ക് ധരിക്കാതെ കൗണ്ടറിലേക്ക് ബിൽ ചെയ്യാൻ സാധനങ്ങളെടുത്തുവെക്കുന്ന ഡോക്ടറുടെ വിഡിയോ ദൃശ്യവും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബില്ലിങ് കൗണ്ടറിലുള്ളയാൾ ഡോക്ടറോട് മാസ്ക് ധരിക്കാൻ ആവശ്യപ്പെടുന്നതും വിഡിയോയിൽ കാണാം. എന്നാൽ, താൻ നേരത്തെ കോവിഡ് ബാധിച്ച് രോഗം ഭേദമായ ആളാണെന്നാണ് ഡോക്ടർ പറയുന്നത്. അതുകൊണ്ട് തന്നെ രോഗം പകരില്ലെന്നും അദ്ദേഹം പറയുന്നു.
എന്നാൽ, മാസ്ക് ധരിക്കുക എന്നത് നിയമമാണെന്നും എല്ലാവരും അനുസരിക്കണമെന്നുമാണ് സൂപ്പർ മാർക്കറ്റ് ജീവനക്കാരൻ മറുപടി പറയുന്നത്. മാസ്ക് ധരിക്കാതിരിക്കുന്നതിനാൽ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരും മറ്റു ഉപഭോക്താക്കളും രോഗഭീഷണിയിലാകുമെന്നും സൂപ്പർ മാർക്കറ്റ് ജീവനക്കാരൻ പറയുന്നുണ്ട്. ഇരുവരുടെയും സംസാരം ഉച്ചത്തിലാകുകയും തർക്കമാകുകയും ചെയ്യുന്നുണ്ട്. എന്നാൽ, ഡോക്ടർ മാസ്ക് ധരിക്കാതെ സാധനങ്ങൾ കൗണ്ടറിലേക്ക് വെക്കുന്നത് തുടരുകയും ചെയ്തു.
സർക്കാറുണ്ടാക്കുന്ന വിഡ്ഡി നിയമങ്ങൾ അനുസരിക്കാൻ തന്നെ കിട്ടില്ലെന്നും ഡോക്ടർ സൂർപ്പർ മാർക്കറ്റ് ജീവനക്കാരനോട് പറയുന്നുണ്ട്. രോഗം ബാധിച്ച്മാറിയ ആൾ ആയതുകൊണ്ട് വീണ്ടും രോഗം ബാധിക്കുകയോ രോഗം പടർത്തുകയോ ചെയ്യില്ലെന്നാണ് ഡോക്ടർ ചൂണ്ടികാട്ടുന്ന ന്യായം.
മാസ്ക് ധരിക്കാതെ സൂപ്പർ മാർക്കറ്റ് ജീവനക്കാരെയും മറ്റു ഉപഭോക്താക്കളെയും രോഗഭീഷണിയിലാക്കിയെന്ന ജിമ്മി സൂപ്പർമാർക്കറ്റ് പാർടണറുടെ പരാതിയിലാണ് ഡോക്ടർക്കെതിരെ കേസെടുത്തിട്ടുള്ളത്. കർണാടക പകർച്ചവ്യാധി (പ്രതിരോധ) നിയമം 2020 ലെ വകുപ്പുകൾ ചേർത്താണ് കേസ് ചുമത്തിയിട്ടുള്ളത്.
24 മണിക്കൂറിനിടെ 30000 ആളുകൾക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 5.75 ലക്ഷം ആളുകൾ കർണാടകയിൽ കോവിഡ് രോഗികളായുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.