മതികെട്ടാൻ ചോല പാർക്കിന് ചുറ്റും പരിസ്ഥിതി ദുർബല മേഖല; നിർമാണ പ്രവർത്തനങ്ങൾക്ക് വിലക്കും നിയന്ത്രണവും
text_fieldsന്യൂഡൽഹി: പശ്ചിമഘട്ടത്തിലെ മതികെട്ടാൻ ചോല ദേശീയ പാർക്കിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മേഖല പരിസ്ഥിതി ദുർബല പ്രദേശമാക്കി കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. അപൂർവ സസ്യജാലങ്ങളും ജന്തുവർഗങ്ങളും ഉള്ള മേഖലയുടെ സംരക്ഷണത്തിന് വ്യവസായങ്ങളും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും നിർമാണ പ്രവർത്തനങ്ങളും കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം വിലക്കി. വിജ്ഞാപനത്തിൽ ആക്ഷേപങ്ങളും അഭിപ്രായങ്ങളും അറിയിക്കാൻ ഡിസംബർ 28 മുതൽ 60 ദിവസത്തെ സമയവും മന്ത്രാലയവും നൽകി.
1986ലെ പരിസ്ഥിതി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് മതികെട്ടാൻ ചോല ദേശീയ പാർക്കിെൻറ ചുറ്റുമതിൽ തൊട്ട് ഒരു കിലോമീറ്റർ ദൂരത്തിൽ കേന്ദ്ര സർക്കാർ പരിസ്ഥിതി ദുർബല മേഖലയായി പ്രഖ്യാപിച്ചത്. മതികെട്ടാൻ ചോലയിലെ വനത്തിെൻറ സവിശേഷതകളും ആനകളുടെ ഇടനാഴിയും പരിഗണിച്ച് സംസ്ഥാന വന്യജീവി ഉപദേശക ബോർഡിെൻറ ശിപാർശപ്രകാരം 2003ലാണ് മതികെട്ടാൻ ചോല ദേശീയ പാർക്കായി പ്രഖ്യാപിച്ചതെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
ദേശീയ പാർക്കിെൻറ അതിരിൽനിന്നും ഒരു കിലോമീറ്റർ ദൂരത്തിൽ വരുന്ന ഉടുമ്പൻ ചോല താലൂക്കിലെ പൂപ്പാറ ഗ്രാമത്തിലെ പ്രദേശങ്ങൾക്കാണ് നിയന്ത്രണം. വിജ്ഞാപനത്തിലെ നിയന്ത്രണങ്ങളും നിർദേശങ്ങളും നടപ്പാക്കുന്നത് നിരീക്ഷിക്കാൻ ഇടുക്കി ജില്ല പഞ്ചായത്ത് പ്രസിഡൻറ് ചെയർമാനായും മൂന്നാർ ഡിവിഷൻ വൈൽഡ് ലൈഫ് വാർഡൻ മെംബർ സെക്രട്ടറിയായും കമ്മിറ്റിയുണ്ടാക്കണം.
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, ൈവദ്യുതി ബോർഡ്, വാട്ടർ അതോറിറ്റി, ജലസേചന വകുപ്പ്, വനം പരിസ്ഥിതി വകുപ്പ് എന്നിവയുടെ പ്രതിനിധികൾ, പ്രകൃതിസംരക്ഷണത്തിനുള്ള എൻ.ജി.ഒകളുടെ പ്രതിനിധി, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് കേരളസർക്കാർ നാമ നിർദേശം ചെയ്യുന്ന പരിസ്ഥിതിവിദഗ്ധൻ എന്നിവർ കമ്മിറ്റിയിൽ അംഗങ്ങളായും വേണം. കമ്മിറ്റിയുെട കാലാവധി സംസ്ഥാന സർക്കാർ നിർണയിക്കണം.
വിജ്ഞാപനപ്രകാരം ഇൗ പരിധിയിലെ വനം, പുഷ്പഫല ഭൂമി, കൃഷിഭൂമി, പാർക്ക്, വിനോദസ്ഥലങ്ങൾ എന്നിവ വാണിജ്യ പാർപ്പിട, വ്യവസായ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ല. കൃഷിഭൂമി തരംമാറ്റാനും പുതിയ റോഡുകളുണ്ടാക്കാനും ഉള്ളവ വീതികൂട്ടാനും കുടിൽ വ്യവസായങ്ങളും കച്ചവട സ്ഥാപനങ്ങളും പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്ന ചെറുകിട വ്യവസായങ്ങളും തുടങ്ങാനും മേൽനോട്ട സമിതിയുടെ അനുമതി വാങ്ങണം.
ആദിവാസി ഭൂമി വ്യവസായ, വാണിജ്യ ആവശ്യങ്ങൾക്കായി വിനിയോഗിക്കാൻ പാടില്ല. പ്രകൃതിദത്തമായ അരുവികളുടെ വൃഷ്ടിപ്രദേശങ്ങൾ കണ്ടെത്തി അവ സംരക്ഷിക്കാനും നടപടി സ്വീകരിക്കണം. വിനോദസഞ്ചാര പദ്ധതികൾ തയാറാക്കുന്നത് സംസ്ഥാന പരിസ്ഥിതി- വനം വകുപ്പുമായി കൂടിയാലോചിച്ച് വേണമെന്നും വിജ്ഞാപനത്തിലുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.