ആശുപത്രി ആംബുലൻസ് നിരസിച്ചു; മകളുടെ മൃതദേഹവുമായി ബൈക്കിൽ യാത്ര
text_fieldsഭോപ്പാൽ: സർക്കാർ ആശുപത്രിയിൽനിന്ന് ആംബുലൻസ് വിട്ടുകൊടുക്കാത്തതിനെത്തുടർന്ന് മകളുടെ മൃതദേഹം മോട്ടോർ സൈക്കിളിൽ കൊണ്ടുപോകാൻ നിർബന്ധിതനായി പിതാവ്.
മധ്യപ്രദേശിലെ ഷാഹ്ദോലിലാണ് സംഭവം. ഷാഹ്‌ദോലിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള കോട്ട ഗ്രാമവാസിയായ ലക്ഷ്മൺ സിങ് ആണ് തിങ്കളാഴ്ച രാത്രി 13 കാരിയായ മകളുടെ മൃതദേഹം മറ്റൊരാളുടെ ബൈക്കിന്‍റെ പുറകിൽ ഇരുന്നു മടിയിൽ ചുമന്ന് കൊണ്ടു പോകുകയായിരുന്നു.
സിക്കിൾ സെൽ അനീമിയ ബാധിച്ചാണ് മകൾ മാധുരി മരിച്ചത്. ആശുപത്രി അധികൃതരോട് ആംബുലൻസ് ആവശ്യപ്പെട്ടെങ്കിലും 15 കിലോമീറ്ററിലധികം ദൂരെയുള്ള സ്ഥലങ്ങളിലേക്ക് അനുവദിക്കില്ലെന്നായിരുന്നുവത്രേ മറുപടി. സ്വന്തം ചെലവിൽ ആംബുലൻസ് വിളിക്കാനായിരുന്നു ആശുപത്രി അധികൃതരുടെ നിർദേശം.
എന്നാൽ പണമില്ലാത്തതിനാൽ തങ്ങൾ മകളുടെ മൃതദേഹവുമായി മോട്ടോർ സൈക്കിളിൽ പുറപ്പെടുകയായിരുന്നുവെന്ന് പിതാവ് പറഞ്ഞു. 20 കി.മി പിന്നിട്ടപ്പോൾ അതു വഴി കടന്നു പോവുകയായിരുന്ന ഷാഹ്ദോൽ കലക്ടർ വന്ദന വൈദ്യ ഇവരെ തടഞ്ഞുനിർത്തുകയും ആംബുലൻസ് ഏർപ്പാടാക്കിക്കൊടുക്കുകയും ചെയ്തു. കുടുംബത്തിന് സാമ്പത്തിക സഹായം അനുവദിച്ചു. കലക്ടർ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.